Breaking NewsCrimeKeralaLead NewsNEWSNewsthen SpecialSocial MediaTRENDING
‘നോക്കി നില്‍ക്കുമ്പോള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ഡിപി എസ്.ബി.ഐ ലോഗോ ആയി മാറുന്നു; പേരും എസ്.ബി.ഐ എന്നാക്കുന്നു; തുടരെ ഒടിപിയും’: തട്ടിപ്പുകാരുടെ പുതിയ വഴികളെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍

കൊച്ചി: വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമല്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍, ഈ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചു സൈബര്‍ കുറ്റവാളികള്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. അംഗീകൃത ബാങ്കുകളുടെ പേരില്‍ ഉള്ള അറിയിപ്പുകള്‍ മുതല്‍ അവരുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സോഫ്റ്റ്‌വേറുകള്‍വരെ തട്ടിപ്പുകാര്‍ ഉപയോഗിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പ് നോക്കി നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ ഹാക്ക് ചെയ്യുന്നതും അഡ്മിനുകളെ ഒഴിവാക്കുന്നതും പെട്ടെന്നു മുന്നറിയിപ്പ് നല്‍കിയതുകൊണ്ട് പലര്‍ക്കും പണം നഷ്ടമാകാതിരുന്നതും വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
കുറിപ്പ് ഇങ്ങനെ
അല്പം മുൻപ് സംഭവിച്ചത്. വെറുതേ മൊബൈലിൽ തോണ്ടി ഇരിക്കുമ്പോൾ നോക്കി നിൽക്കേ ഒരു ഗ്രൂപ്പിന്റെ ഡീപി SBI ലോഗോ ആയി മാറുന്നു ഗ്രൂപ്പിന്റെ പേരും SBI എന്ന് ആകുന്നു. ഒരു തരത്തിലും ബാങ്കുമായി ബന്ധമുള്ള ഗ്രൂപ്പ് അല്ല. ഗ്രൂപ്പ് നോക്കിയപ്പോൾ അതിൽ ആ ഗ്രൂപ്പിന്റെ അഡ്മിൻ ആയ ഒരാൾ ആണ് ഈ മാറ്റങ്ങൾ വരുത്തിയത് പിറകേ എസ് ബി ഐ യോനോ.apk എന്ന ഒരു ഫയൽ അറ്റാച്ച് ചെയ്തിരിക്കുന്നു. അതിൽ ചിത്രത്തിൽ കാണിച്ചതു പോലെ ഒരു നോട്ടീസും. ഗ്രൂപ്പ് ആണെങ്കിൽ അഡ്മിൻ ഓൺലിയും ആക്കി. ഇത്രയും കണ്ടപ്പോൾ തന്നെ മനസ്സിലായി ഗ്രൂപ് അഡ്മിന്റെ ഫോൺ അല്ലെങ്കിൽ വാട്സപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്ന്. ഉടൻ തന്നെ കക്ഷിയെ ഫോണിൽ വിളിച്ച് കാര്യം ചോദിച്ചു.
പുള്ളിക്ക് തുടരെ തുടരെ ഓ ടി പി വന്നുകൊണ്ടിരിക്കുകയാണ് എന്താണെന്ന് മനസ്സിലാകുന്നില്ല എന്ന്. കക്ഷിയും ഇതേ പോലെ എസ് ബി ഐ എന്ന ഗ്രൂപ്പിൽ വന്ന എ പി കെ ഫയൽ ഇൻസ്റ്റാൾ ചെയ്തതിന്റെ ഫലം ആണ് കണ്ടത്. ഈ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോൾ തന്നെ ആപ്പിന് മെസേജ് , കോണ്ടാക്റ്റ് ആക്സസ് പെർമിഷൻ കൊടുത്തിരിക്കുന്നതിനാൽ ഓ ടീ പി അടിച്ച് മാറ്റി വാട്സപ്പിന്റെ ഒരു പുതിയ സെഷൻ ഹാക്കർ തന്റെ സിസ്റ്റത്തിൽ ഉണ്ടാക്കി ഈ പറഞ്ഞ കക്ഷി അഡ്മിൻ ആയ എല്ലാ ഗ്രൂപ്പുകളിലും ഇതുപോലെ അഡ്മിൻ ഓൺലി ആക്കി മാൽവെയർ ഒരു ചെയിൻ പോലെ പരത്തുന്ന പരിപാടി ആണ് ചെയ്തത്.
ഫോണിൽ നിന്ന് മാൽവെയർ ആപ്പ് നീക്കം ചെയ്യുക, ഫാക്റ്ററി റീസെറ്റ് ചെയ്യുക, വാട്സപ്പ് വീണ്ടും ലോഗിൻ ചെയ്ത് ടു സ്റ്റെപ് ഓതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്ത് മറ്റുള്ള ഏതെങ്കിലും ഡിവൈസ് സെഷനുകൾ ഉണ്ടെങ്കിൽ അതൊക്കെ ലോഗൗട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് ഗ്രൂപ്പിലേക്ക് തിരിച്ച് വന്നു. ഹാക്കർമ്മാർ ഇത്തരം പരിപാടികൾ തുടങ്ങുമ്പോൾ തന്നെ ഗ്രൂപ്പിലുള്ള മറ്റ് അഡ്മിൻസിനെ ഒക്കെ പുറത്താക്കുന്ന പരിപാടി ചെയ്യാറുണ്ട്.
ഭാഗ്യവശാൽ അതിനുള്ള സമയം കിട്ടാത്തതുകൊണ്ടാണെന്ന് തോന്നുന്നു ഒരു അഡ്മിൻ ബാക്കി ആയി. കക്ഷിയെ ഫോൺ ചെയ്ത് ഉടനെ തന്നെ ഹാക്കറെ ഗ്രൂപ്പിനു വെളിയിൽ ആക്കി മാൽവെയർ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും തന്നെ ഗ്രൂപ്പിലെ രണ്ടുമൂന്നു പേർ ഈ പറഞ്ഞ എ പി കെ ഫയൽ തുറന്നിരുന്നു. പക്ഷേ രണ്ടൂപേരുടേ ഐഫോൺ ആയതിനാൽ ഒന്നും സംഭവിച്ചില്ല, മൂന്നാമത്തെ ആളുടെ മൊബൈലിലെ ഡീഫോൾട്ട് സെക്യൂരിറ്റി സിസ്റ്റം ബ്ലോക്ക് ചെയ്തതിനാൽ ഇൻസ്റ്റാൾ ചെയ്യാനും പറ്റിയില്ല.
വളരെ വ്യാപകമായി നടക്കുന്ന ഒരു മാൽവെയർ ആക്രമണം ആണ് ഇത്. ശ്രദ്ധിക്കുക, പ്ലേ സ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ എ പി കെ ഫയലുകൾ ആയി ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങൾ സ്വയം കുഴിയിൽ വീഴുന്നതോടൊപ്പം മറ്റുള്ളവരെ കൂടെ കുഴിയിൽ വീഴിക്കുകയാണ് ചെയ്യുന്നത്.






