നാട്ടുകാര്‍ക്കൊക്കെ ശരീരം മൂടിയ കുപ്പായം കര്‍ശനം ; പരമോന്നത നേതാവിന്റെ ഉപദേഷ്ടാവിന്റെ മകള്‍ക്ക് സെക്‌സി വിവാഹവസ്ത്രവും ; ഇറാനില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തില്‍

തെഹ്റാ: ഇറാനിലെ പരമോന്നത നേതാവിന്റെ ഒരു സഹായിയുടെ മകള്‍ ഇറക്കമുള്ള, സ്ട്രാപ്ലെസ് വിവാഹ വസ്ത്രം ധരിച്ചുകൊണ്ടുള്ള വീഡിയോ തെഹ്റാനില്‍ രോഷം ആളിക്കത്തിച്ചു. പാശ്ചാത്യ ശൈലിയിലുള്ള ഈ ആഢംബര വിവാഹ ചടങ്ങ്, സ്ത്രീകള്‍ക്ക് കര്‍ശനമായ ഹിജാബ് നിയമങ്ങള്‍ നിലവിലുള്ള ഒരു രാജ്യത്ത് വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
വൈറല്‍ ആയ വീഡിയോയില്‍, പരമോന്നത നേതാവിന്റെ 70-കാരനായ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനി തന്റെ മകള്‍ ഫാത്തിമയെ വിവാഹ ഹാളിലേക്ക് കൈപിടിച്ച് നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം തെഹ്റാനിലെ ആഢംബര ഹോട്ടലായ എസ്പിനാസ് പാലസ് ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്.
താഴ്ന്ന കഴുത്തിറക്കമുള്ള, സ്ട്രാപ്ലെസ് വെള്ള ഗൗണ്‍ ധരിച്ചാണ് വധു ആഘോഷകരമായ ആരവങ്ങള്‍ക്കും സംഗീതത്തിനും ഇടയില്‍ ചടങ്ങ് ഹാളിലേക്ക് പ്രവേശിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ തല മറയ്ക്കാതെയാണ് കാണപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഈ ‘ഇരട്ട ജീവിതത്തെ’ ഇറാനിയന്‍ ആക്ടിവിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇറാന്റെ കര്‍ശനമായ ഹിജാബ്, പൊതു ധാര്‍മ്മികതാ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രധാനിയായി അറിയപ്പെടുന്നയാളാണ്, ഇറാനിലെ അലി ഖമേനിയുടെ ദീര്‍ഘകാല സഖ്യകക്ഷിയും സൈനിക കമാന്‍ഡറുമായ ഷംഖാനി.
ഭരണകൂടത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഉത്തരവാദിയായ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ (ടചടഇ) സെക്രട്ടറിയായി അദ്ദേഹം 2013 മുതല്‍ 2023 വരെ സേവനമനു ഷ്ഠിച്ചിട്ടുണ്ട്. 2022-ല്‍ മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതിന് പിന്നില്‍ ഇദ്ദേഹം ആയിരുന്നു. ഹിജാബ് നിയമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് തെഹ്റാനില്‍ വെച്ച് കുടുംബത്തോടൊപ്പം ആയിരിക്കുമ്പോള്‍ അറസ്റ്റിലായ 22-കാരിയായ മഹ്സ അമിനി പോലീസ് കസ്റ്റഡിയില്‍ വെച്ചാണ് മരണപ്പെട്ടത്. മഹ്സ അമിനിയുടെ മരണം മാസങ്ങളോളം നീണ്ടുനിന്ന രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തി. തുടര്‍ന്നുണ്ടായ അസ്വസ്ഥതകളില്‍ നൂറുകണക്കിന് പ്രതിഷേധക്കാരും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നതനുസരിച്ച് 68 കുട്ടികള്‍ ഉള്‍പ്പെടെ 500-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. വസ്ത്രധാരണ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 80,000 ധാര്‍മിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നതെന്നത് തെഹ്റാനില്‍ വലിയ പ്രതിഷേധത്തിനും ഇരട്ടത്താപ്പ് ആരോപണ ങ്ങള്‍ ക്കും വഴിവെച്ചിരിക്കുകയാണ്.
രാജ്യം സാമ്പത്തികമായി കഷ്ടപ്പെടുകയും ഉപരോധങ്ങളുടെ ഒരു തരംഗം നേരിടുകയും ചെയ്യുന്നതിനിടെയുള്ള ഈ ആഢംബര ആഘോഷത്തിനെതിരെ നിരവധി ആക്ടിവിസ്റ്റുകളും ആഞ്ഞടിച്ചു. 2022-ലെ കണക്കുകള്‍ പ്രകാരം ഇറാനിലെ ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. കൂടാതെ, 42.4% വാര്‍ഷിക പണപ്പെരുപ്പ നിരക്കും 9% തൊഴിലില്ലായ്മ നിരക്കും പൗരന്മാരുടെ രോഷത്തിന് കാരണമായിട്ടുണ്ട്.






