ശബരിമല സ്വര്‍ണ്ണക്കൊള്ള: അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെയും ചോദ്യം ചെയ്യും ; പ്രത്യേകസംഘം ചോദ്യം ചെയ്ത് വിട്ടയക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കള്ളിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ പ്രത്യേക സംഘം ഹൈക്കോടതിയ്ക്ക് കൈമാറും. ബോര്‍ഡ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ കസ്റ്റഡിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകും.
അതിനിടയില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്ത് വിട്ടയക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.
ശബരിമലയില്‍ നിന്ന് ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്‌മണ്യം പിന്നീട് പാളികള്‍ നാഗേഷിന് കൈമാറുകയായിരുന്നു. അറസ്റ്റ് നിലവില്‍ ഉണ്ടാവില്ല എന്നാണ വിവരം. അനന്തസുബ്രഹ്‌മണ്യത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്.
അനന്തസുബ്രഹ്‌മണ്യത്തിന്റെ പങ്കിനെ കുറിച്ച് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ് – മഹസര്‍ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നു എന്ന് മഹസറില്‍ കാണിച്ചിട്ടുണ്ടെങ്കിലും, 19/07/2019 ലെ മഹസര്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യം ആണ്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിനുനേരെ ഒപ്പിട്ടിരിക്കുന്നത് അനന്തസുബ്രഹ്‌മണ്യം ആണ്. അതുപോലെ 20/07/2019 ലെ മഹസ്സര്‍ പ്രകാരം ഏറ്റുവാങ്ങിയ ലോഹപാളികളും യഥാര്‍ത്ഥത്തില്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കന്നഡ സ്വദേശി ആര്‍ രമേശ് ആണ്. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന പേരിന് നേരെ ഒപ്പിട്ടിരിക്കുന്നത് ആര്‍ രമേശ് ആണ്.
ഈ രണ്ടു ദിവസങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ഇല്ലായിരുന്നു എന്ന് വെളിവായിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ആധാരം ഈട് നല്‍കി വട്ടിപ്പലിശയക്ക് പണം കടം വാങ്ങിയവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.






