Breaking NewsKeralaLead NewsNEWSpolitics

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു

തൃശ്ശൂര്‍:സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എംഎൽഎയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്ത കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച പകൽ ഒന്നിനാണ്‌ മരണം.

സിപിഐ എം കുന്നംകുളം എരിയ സെക്രട്ടറി‍യായിരുന്നു. 2005ൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റിലെത്തി. ഡിവൈഎഫ്ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് നിറഞ്ഞുനിന്നു പ്രവർത്തിച്ചു. യുവജനപോരാട്ടങ്ങളിൽ ജ്വലിച്ചു നിന്ന നേതാവായിരുന്നു.

Signature-ad

മന്ത്രിമാരെ തെരുവിൽ തടഞ്ഞ പ്രക്ഷോഭമുൾപ്പെടെ ഡിവൈഎഫ്ഐയുടേയും സിപിഐഎമ്മിന്റെയും ഒട്ടേറേ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി. പൊലീസിന്റെ ക്ര‍ൂരമായ ലാത്തിച്ചാർജിന്‌ ഇരയായിട്ടുണ്ട്‌. സാംസ്‌കാരിക രംഗത്തും തിളങ്ങിയ ബാബു എം പാലിശ്ശേരി നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. ഒട്ടേറെ ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹിയായി. 1989ൽ കടവല്ലൂർ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കുന്നംകുളം മണ്ഡലത്തിൽ നിന്നും 2006ൽ ജില്ലയിലെ ചരിത്ര ഭൂരിപക്ഷത്തോടെ ആദ്യമായി നിയമസഭയിലെത്തി. 2011ൽ തിളക്കമാർന്ന വിജയം ആവർത്തിച്ചു. എംഎൽഎ എന്ന നിലയിൽ കുന്നംകുളം മണ്ഡലത്തിൽ ചരിത്രവികസനമാണ്‌ നടപ്പാക്കിയത്‌. കോഴിക്കോട് സെന്റ്‌ വിൻസെൻറ് കോളനി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്എസ്, പെരുമ്പിലാവ് ടിഎംഎച്ച്എസ്, പട്ടാമ്പി സംസ്കൃത കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടിൽ പി രാമൻനായരുടേയും എം അമ്മിണിയമ്മയുടേയും മകനാണ്. ഭാര്യ: ഇന്ദിര. (അടാട്ട് ഫാമേഴ്സ്ബാങ്ക് ബ്രാഞ്ച് മാനേജർ. ). മക്കൾ: അശ്വതി (യുകെ), നിഖിൽ ( എൻജിനിയർ). മരുമകൻ : ശ്രീജിത്ത് ( ഒമാൻ). സഹോദരങ്ങൾ : മാധവനുണ്ണി, എം ബാലാജി ( സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം), നാരായണിക്കുട്ടി, രാജലക്ഷ്മി.

Back to top button
error: