Breaking NewsBusinessKeralaLead NewsNEWSNewsthen SpecialpoliticsTRENDING

ലക്ഷത്തിലേക്കുള്ള ദൂരം കുറയുന്നു; സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ ഒരുലക്ഷത്തിനു മുകളില്‍ നല്‍കണം; ഒക്‌ടോബര്‍ മൂന്നിനു ശേഷം വര്‍ധിച്ചത് 7800 രൂപ

കൊച്ചി: ഒറ്റയടിക്ക് 2,400 രൂപ വര്‍ധിച്ചതോടെ 94,360 രൂപയിലാണ് ഒരു പവന്‍റെ വില. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വലിയ വര്‍ധനയുണ്ടായതോടെ പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി 5,640 രൂപയുടെ ദൂരം മാത്രം.

അതേസമയം, ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ ഒരു ലക്ഷത്തിലേറെ നല്‍കേണ്ട സ്ഥിതിയാണിന്ന്. അഞ്ച് ശതമാനം പണിക്കൂലിയിലും ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപയിലധികം നല്‍കണം. അഞ്ച് ശതമാനം പണിക്കൂലിയില്‍ 1,02,104 രൂപയാണ് ഇന്നത്തെ നിലയില്‍ ഒരു പവന്‍ ആഭരണത്തിന്‍റെ വില. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 106,960 രൂപയോളം നല്‍കേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്.

Signature-ad

ഒക്ടോബര്‍ മൂന്നിന് രേഖപ്പെടുത്തിയ 86560 രൂപയായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. ഈ വിലയില്‍ നിന്നും 7800 രൂപയുടെ വര്‍ധനവാണ് 14 ദിവസത്തിനിടെ ഒരു പവനുണ്ടായത്.

രാജ്യാന്തര വിലയില്‍ തീപിടിച്ചതാണ് ഇന്ന് കേരളത്തിലും വില കയറ്റിയത്. ഇന്നലെ ട്രോയ് ഓണ്‍സിന് 4000 ഡോളറിനടുത്തായിരുന്നു രാജ്യാന്തര സ്വര്‍ണ വില. ഒറ്റദിവസം കൊണ്ട് 125 ഡോളറിലധികം വര്‍ധനവോടെ 4,167 ഡോളറില്‍ സ്വര്‍ണ വില പുതിയ റെക്കോര്‍ഡിട്ടു. നിലവില്‍ 4,163 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

യു.എസ്– ചൈന വ്യാപാര ബന്ധത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിലഭിച്ചതാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജമായത്. ഇതിനൊപ്പം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന ഉയര്‍ന്നതും സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ചു. സ്വര്‍ണ ഇടിഎഫിലേക്കുള്ള തുടര്‍ച്ചയായ നിക്ഷേപവും സെന്‍ട്രല്‍ ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും വിലയെ സ്വാധീനിക്കുന്നുണ്ട്. ഒക്ടോബര്‍ മാസത്തിലുള്ള ഫെഡ് യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും

സ്വര്‍ണ വില ഇനിയും കുതിക്കുമെന്നാണ് നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവചനം. 2026 ന്‍റെ അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 4,900 ഡോളറിലേക്ക് കുതിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്സ് നല്‍കുന്ന പ്രവചനം. കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും ഇടിഎഫ് നിക്ഷേപവുമാണ് വിലയിലെ മുന്നേറ്റത്തിനുള്ള സാധ്യതയായി കാണിക്കുന്നത്. 2026 ഓടെ 5000 ഡോളറിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ അനലിസ്റ്റുകളുടെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: