Breaking NewsCrimeIndiaLead News

ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും, സ്ഥാപനത്തിന് പരാതി നല്‍കിയിട്ട് രക്ഷയില്ല ; നഴ്‌സ് പ്രധാനമന്ത്രിയുടെ ഓഫീസിനെഴുതി ; എയിംസിലെ ഉന്നതസര്‍ജനെ സസ്‌പെന്റ് ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ നഴ്‌സിന്റെ പീഡനപരാതിയില്‍ ഉടനടി നടപടി. എയിംസിലെ ഉന്നത സര്‍ജനെ സസ്‌പെന്റ് ചെയ്തു. എയിംസ് ഭരണകൂടം സീനിയര്‍ പ്രൊഫസര്‍ ഡോ. ബിസോയിക്ക്് എതിരേയാണ് നടപടി. മറ്റൊരു സീനിയര്‍ പ്രൊഫസര്‍ വി ദേവഗൗരുവിന് പകരം ചുമതല നല്‍കുകയും ചെയ്തിരിക്കുകയാണ്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി വിഭാഗം തലവനായിരുന്ന ഡോ. എ.കെ. ബിസോയിയെ ഒരു വനിതാ നഴ്‌സിങ് ഓഫീസറുടെ പീഡന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക പീഡനം, അശ്ലീല ഭാഷയുടെ ഉപയോഗം, ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തല്‍ എന്നിവ ആരോപിച്ച് എയിംസ് നഴ്‌സസ് യൂണിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കുകയായിരുന്നു.

Signature-ad

ജോലിസ്ഥലത്തെ ഭീഷണിപ്പെടുത്തലും ലൈംഗിക പീഡനവും ആരോപിച്ച് സെപ്റ്റംബര്‍ 30-ന് വനിതാ നഴ്‌സിങ് ഓഫീസര്‍ പരാതി നല്‍കുകയായിരുന്നു. പരാതിപ്പെട്ടിട്ടും സ്ഥാപനത്തിന്റെ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് യൂണിയന്‍ ഒക്ടോബര്‍ 9-ന് പ്രധാനമന്ത്രിയുടെ ഓഫീസിന് വിഷയം കൈമാറുകയും ചെയ്തതാണ് നിര്‍ണ്ണായകമായത്.

ഡോ. ബിസോയി സ്ത്രീകളായ നഴ്‌സിങ് ജീവനക്കാരെ ലക്ഷ്യമിട്ട് ആവര്‍ത്തിച്ച് ‘അശ്ലീലവും, തൊഴില്‍രഹിതവും, അപകീര്‍ത്തികരവുമായ ഭാഷ’ ഉപയോഗിച്ചിരുന്നതായി നഴ്‌സസ് യൂണിയന്‍ എയിംസ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ ആരോപിച്ചു. പരാതിക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്നും പരാതിക്കാരിയെ അവരുടെ ക്ലിനിക്കല്‍ പോസ്റ്റിംഗില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യൂണിയന്‍ ആരോപിച്ചു. ഭരണപരമായ ചുമതലകളില്‍ നിന്ന് ഡോ. ബിസോയിയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ അദ്ദേഹം സ്ഥാപനത്തിന്റെ ഭാഗമായി തുടരും.

ഡോ. ബിസോയി അച്ചടക്ക നടപടി നേരിടുന്നത് ഇത് ആദ്യമായിട്ടല്ല. മുന്‍പ് 2009-ല്‍ ക്രമക്കേടുകളുടെ പേരില്‍ അദ്ദേഹത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്യുകയും സമാനമായ പീഡന പരാതികള്‍ 2019-ല്‍ നേരിടുകയും ചെയ്തിരുന്നു. 2012-ല്‍, ചികിത്സയിലെ അശ്രദ്ധയുടെ പേരില്‍ അദ്ദേഹം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: