വോട്ട് ചോരി വിവാദത്തില്‍ കിടുങ്ങി; ബിഹാര്‍ പിടിക്കാന്‍ 45 അംഗ സ്‌പെഷല്‍ ടീമിനെ ഇറക്കി ബിജെപി; മിഷന്‍ ബിഹാര്‍ വിക്ടറി എന്ന പേരില്‍ മണ്ഡലങ്ങളുടെ ചുമതല; കേരളത്തില്‍നിന്ന് ആരുമില്ല

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി വിവാദം കത്തിപ്പടര്‍ന്നതിനു പിന്നാലെ ബിഹാറില്‍ കൂടുതല്‍ നേതാക്കളെ ഇറക്കി കളം പിടിക്കാന്‍ ബിജെപി. പാര്‍ട്ടി ലക്ഷ്യമിടുന്ന എല്ലാ സീറ്റുകളിലും മികച്ച വിജയം ലക്ഷ്യമിട്ട് 45 അംഗ സ്‌പെഷല്‍ ടീമിനെയും ഇറക്കി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ മാത്രം ഉള്‍പ്പെടുന്ന ടീമിനെയാണ് രംഗത്തിറക്കിയത്.
ഓരോ നേതാവിനും ഓരോ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയാണു നല്‍കുക. ഇതിനുശേഷം ഓരോ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ നേതാക്കളും എത്തും. ശരാശരി ആറ് നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക രാജ്യത്തെ മുതിര്‍ന്ന നേതാക്കളായിരിക്കും. അടിത്തട്ടില്‍നിന്നുള്ള പ്രവര്‍ത്തകര്‍ മുതല്‍ മേല്‍ത്തട്ടുവരെയുള്ളവര്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കുന്നതിനാണു ലക്ഷ്യം.
പാറ്റ്‌നയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഹൈലെവല്‍ മീറ്റിംഗിലാണ് തീരുമാനം. ബിഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, മറ്റു മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. ഇവര്‍ക്കെല്ലാം ഓരോ ചുമതലയും സംസ്ഥാനത്തിന്റെ ഓരോ ഭാഗത്തിന്റെയും ചുമതലകളും കൈമാറി. ‘മിഷന്‍ ബിഹാര്‍ വിക്ടറി’ എന്നു പേരിട്ടാണു പദ്ധതി നടപ്പാക്കുക.
ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ ബി.ഡി. ശര്‍മ, കേന്ദ്രമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ എന്നിവര്‍ മധ്യപ്രദേശില്‍നിന്നും യുപിയില്‍നിന്നുള്ള നേതാക്കളായ എംപിമാരായ സതീഷ് ഗൗതം, രാജ്കുമാര്‍ ചാഹര്‍, രാജസ്ഥാനില്‍നിന്നുള്ള രാജേന്ദ്ര റാത്തോര്‍, ഛത്തീസ്ഗഡില്‍നിന്നുള്ള സന്തോഷ് പാണ്ഡെ, വിജയ് ബാഗല്‍, ഡല്‍ഹിയില്‍നിന്നുള്ള മുന്‍ എംപി രമേഷ് ബിധൂരി, കേന്ദ്ര മന്ത്രി ഹര്‍ഷ് മല്‍ഹോത്ര, ഗുജറാത്തില്‍നിന്നുള്ള ദേഹുസിന്‍ഹ് ചൗഹാന്‍, മിതേഷ് പട്ടേല്‍, ഹരിയാനയില്‍നിന്നുള്ള സുനിത ഡഗ്ഗല്‍, ജമ്മു കശ്മീരില്‍നിന്നുള്ള എംപി ജുഗല്‍ കിഷോര്‍, ജാര്‍ഘണ്ഡില്‍നിന്ന് മനീഷ് ജെയ്‌സ്വാള്‍, കാളിചന്ദ്ര സിംഗ്, ഒഡീഷയില്‍നിന്നുള്ള എംപി അനന്ത് നായ്ക് എന്നിവര്‍ ടീമിലുണ്ട്.
നിരവധി മുന്‍ എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന പ്രവര്‍ത്തകര്‍, യൂത്ത് നേതാക്കള്‍ എന്നിവരും സംഘത്തിലുണ്ട്. ബൂത്ത്‌ലെവല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു നേതാക്കള്‍ നേരിട്ടിറങ്ങും. തെരഞ്ഞെടുപ്പു മാറ്റിമറിക്കാന്‍ ഇവരുടെ പ്രവര്‍ത്തനം സഹായിക്കുമെന്നാണു ബിജെപി പ്രതീക്ഷിക്കുന്നത്.
BJP deploys “special 45” leaders for Bihar Assembly election battle






