ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്യും ; അവര്‍ തന്നെ ശബരിമല ഭക്തരായി നടിക്കുകയും ചെയ്യും ; സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

കോഴിക്കോട്: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റുകളുടെ ഭക്തി വലിയ ചര്‍ച്ചയായി മാറിയിരിക്കെ പരോക്ഷ വിമര്‍ശനം നടത്തി ഗവര്‍ണര്‍. ചിലര്‍ അയ്യഭക്തരായി നടിക്കുകയാണെന്നും ശരിയായ ഭക്തി മനസ്സില്‍ ഉണ്ടെങ്കില്‍ തുറന്നുപറയാന്‍ എന്തിന് മടി കാട്ടുന്നെന്നും ഗവര്‍ണര്‍ ചോദിച്ചു. കോഴിക്കോട് നവരാത്രി സാംസ്‌കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ തന്നെ ശബരിമല ഭക്തരായി നടിക്കുകയാണ്. രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ചോദിച്ച ഗവര്‍ണര്‍ എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌കാരമാണെന്നും പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡ് നടത്തിയ ആഗോള അയ്യപ്പസംഗമത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഭക്തിയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായിട്ടും ശബരിമലയെ തിരിഞ്ഞുനോക്കാത്തവര്‍ ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുകയാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനം.
സ്ത്രീകളെ വേഷം കെട്ടിച്ച് ശബരിമലയില്‍ കയറ്റിയ സര്‍ക്കാര്‍ നട അടയ്ക്കുകയും ശുദ്ധികലശം നടത്തുകയും ചെയ്തതിന് തന്ത്രിയെ അനാവശ്യം പറയുകയും ചെയ്തവരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഭഗവത്ഗീതയില്‍ ഭക്തരെക്കുറിച്ചുള്ള സൂക്തങ്ങള്‍ ഉദ്ധരിച്ചായിരുന്നു നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനത്തെ മറികടന്നത്.






