Breaking NewsKeralaLead NewsNEWS

എന്‍എസ്എസ് നിലപാട് മരണവാറന്‍ഡോ? യുഡിഎഫിന് ആശങ്ക, സുകുമാരന്‍ നായരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍; അയ്യപ്പസംഗമം നടത്തണമെന്ന സമ്മര്‍ദവുമായി ഒരു വിഭാഗം

തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് യുഡിഎഫ്. എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആഗോള അയ്യപ്പ സംഗമം ബിജെപിക്ക് അവസരമുണ്ടാക്കിയെന്നും യുഡിഎഫ് വിലയിരുത്തി. ശബരിമലയിലെ നിലപാട് കീഴ്ഘടകങ്ങളില്‍ വിശദീകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ജില്ലാ യുഡിഎഫ് യോഗങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും.

അതേസമയം, ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ യുഡിഎഫിന് ആശങ്കയുണ്ട്. എന്‍എസ്എസിനെ അനുനയിപ്പിക്കാനാണ് നേതാക്കളുടെ നീക്കം. ശബരിമലയിലെ യുഡിഎഫ് നിലപാട് എന്‍എസ്എസ് നേതൃത്വത്തെ ബോധ്യപ്പെടുത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.

Signature-ad

ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ശബരിമല വിഷയവും അയ്യപ്പ ഭക്തരുടെ വിശ്വാസവും സിപിഎമ്മും ബിജെപിയും കൈയടക്കുന്ന സാഹചര്യത്തില്‍, എന്‍എസ്എസുമായി വളരെ അടുപ്പമുള്ള ഒരു വിഭാഗം സമാന മാരഗ്ഗം തേടണമെന്ന സമ്മര്‍ദ്ദം കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നു. എന്നാല്‍ ഇത് എങ്ങനെ വേണമെന്നതില്‍ ഇത് വരെ തീരുമാനം ആയിട്ടില്ല. ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചത്, കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പരാമര്‍ശമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചത്.

പല നേതാക്കളും എന്‍എസ്എസ് പ്രസ്താവനയെ ഒരു മുന്നറിയിപ്പായി കാണുന്നു. ‘വാസ്തവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസിന്റെ തീരുമാനം കോണ്‍ഗ്രസിന് മരണവാറണ്ട് പോലെയാണ്. നമ്മള്‍ ഒരു രാഷ്ട്രീയ വിസ്മൃതിയുടെ വക്കിലാണ്, ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സെപ്തംബര്‍ 20-നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഗമം സംഘടിപ്പിച്ചത്. 4126 പേരാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് മൂന്ന് സെഷനുകളായായി ചര്‍ച്ചകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍, ആധ്യാത്മിക ടൂറിസം, തിരക്ക് നിയന്ത്രണം എന്നിവയെ കുറിച്ചായിരുന്നു ചര്‍ച്ച.

സംഗമം വിജയമായിരുന്നുവെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, വിശ്വാസി സമൂഹം സംഗമത്തെ തള്ളിക്കളഞ്ഞുവെന്നായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പ്രതികരണം. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ ശബരിമല സംരക്ഷണ സംഗമം എന്ന പേരില്‍ പന്തളത്ത് മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയായിരുന്നു ബദല്‍ സംഗമത്തിന്റെ ഉദ്ഘാടകന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: