Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

ഏഷ്യ കപ്പിലെ ഷോയ്ക്ക് മുട്ടന്‍ പണി; പാകിസ്താനെതിരേ നടപടിക്ക് ഐസിസി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ടു

ദുബായ്: ഏഷ്യകപ്പ് ടൂര്‍ണമെന്‍റിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐസിസി നടപടി വന്നേക്കും. മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്റോഫ്റ്റിനെ നീക്കാന്‍ ഐസിസി വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിക്കാര്‍ പ്രതിഷേധിച്ചതാണ് പ്രധാന കാരണം.

പെരുമാറ്റച്ചട്ട ലംഘനവും മോശം കീഴ്​വഴക്കവുമാണ് സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി പിസിബിക്ക് ഐസിസി ഇമെയില്‍ അയച്ചു. പാക് താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിശ്ചയിച്ചിരുന്നതിലും വൈകിയാണ് പാക്–യുഎഇ മല്‍സരം ബുധനാഴ്ച ആരംഭിച്ചത്. ആവര്‍ത്തിച്ചുള്ള ചട്ടലംഘനമാണ് പിസിബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പിസിബി കുറ്റക്കാരാണെന്നും മെയിലില്‍ ഐസിസി സിഇഒ സന്‍ജോങ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Signature-ad

പൈക്​റോഫ്റ്റ് പാക് കോച്ച് മൈക്ക് ഹസനെയും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെയും കാണാനെത്തിയത് പാക് മീഡിയ മാനേജറായ നയീം ഗില്ലാനി വിഡിയോയില്‍ പകര്‍ത്തിയതും ഗുരുതര ചട്ടലംഘനമാണെന്നും ഇത് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ഐസിസി വ്യക്തമാക്കുന്നു. നിര്‍ണായക യോഗങ്ങളില്‍ മീഡിയ മാനേജര്‍മാരെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ഐസിസിയുടെ ചട്ടം.

എന്നാല്‍ മീഡിയ മാനേജറെ അകത്ത് കടത്താതെ കളിക്കാന്‍ ഇറങ്ങില്ലെന്ന് പിസിബി ഭീഷണി മുഴക്കിയതോടെ മല്‍സരം നടക്കേണ്ടതിനാല്‍ ഐസിസി വഴങ്ങി. ഇതും ചട്ട ലംഘനമാണ്.  മീഡിയ മാനേജര്‍ പകര്‍ത്തിയ വിഡിയോ പൈക്​റോഫ്റ്റ് മാപ്പു പറഞ്ഞുവെന്ന തരത്തിലാണ് പിസിബി പിന്നീട് പ്രചരിപ്പിച്ചത്. റഫറി മാപ്പു പറഞ്ഞിട്ടില്ലെന്നും ഖേദം പ്രകടിപ്പിക്കുകയാണ് ഉണ്ടായതെന്നും ഐസിസി വിശദീകരിച്ചു.

പൈക്​റോഫ്റ്റിനെ നീക്കാതെ കളിക്കാനിറങ്ങില്ലെന്ന് വ്യക്തമാക്കിയ പാക് ടീം ഹോട്ടലില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചു. ഇതോടെ ഒരു മണിക്കൂറാണ് മല്‍സരം വൈകിയത്. ഞായറാഴ്ച ടോസ് ഇടുന്നതിന് മുന്‍പ് തന്നെ ഹസ്തദാനം ചെയ്യുന്നതില്‍ നിന്ന് പാക് ക്യാപ്റ്റനെ പൈക്​റോ​ഫ്റ്റ് വിലക്കിയെന്നാണ് പിസിബി ആരോപിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഹസ്തദാനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് സൂര്യകുമാര്‍ വ്യക്തമാക്കുകയും െചയ്തിരുന്നു. വിവാദം കൊഴുത്തതോടെ പ്രശ്നം രമ്യമായി പരിഹരിക്കാമെന്നും തെറ്റിദ്ധാരണകളും ആശയവിനിമയത്തില്‍ വന്ന പാകപ്പിഴകളും പരിഹരിക്കാമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്‍ യുഎഇ മല്‍സരത്തിന് മുന്‍പ് അതിനാടകീയമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഹോട്ടല്‍ വിടാന്‍ കൂട്ടാക്കാതിരുന്ന പാക്ക് ടീം നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗ്രൗണ്ടിലേക്ക് എത്തിയത്. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പുറത്താക്കാന്‍ ഐസിസി തയാറായില്ല. എന്നിട്ടും എന്തുകൊണ്ട് പാക്കിസ്ഥാന്‍ യുഎഇക്കെതിരെ കളിച്ചത്. ഇക്കാര്യം വിശദീകരിച്ച് പിസിബി വിശദീകരണവുമായും രംഗത്തുവന്നിരുന്നു.

ടൂര്‍ണമെന്റ് ബഹിഷ്‌കരണം പരിഗണനയിലുണ്ടായിരുന്ന വിഷയമാണെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പറഞ്ഞു. മല്‍സരം ബഹിഷ്‌കരിക്കുക എന്നത് വലിയ തീരുമാനമാണെന്നും ഞങ്ങള്‍ വിഷയം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നദാം സെയ്ദി, റമീസ് രാജ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ടീം ഗ്രൗണ്ടിലേക്ക് പുറപ്പെടുന്നു എന്ന വിവരം മൊഹ്‌സിന്‍ എക്‌സില്‍ പങ്കുവച്ചത്.

പാക്ക് പ്രധാനമന്ത്രി ഷെബാസ് ഷെരീഫിന്റെയും മറ്റ് പ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് ടൂര്‍ണമെന്റില്‍ തുടരാനും യുഎഇക്കെതിരെ കളിക്കാനും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നദാം സെയ്ദി, റമീസ് രാജ എന്നിവര്‍ക്കൊപ്പമാണ് പിസിബി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

സ്‌പോര്‍ട്‌സിനെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നതാണ് പിസിബി നയമെന്ന് നദാം സെയ്ദി പറഞ്ഞു. ‘സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. അവര്‍ രാഷ്ട്രീയം കളിച്ചു. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. ഞങ്ങള്‍ മാപ്പ് ആവശ്യപ്പെട്ടു ഞങ്ങള്‍ക്ക് അത് കിട്ടി. ക്രിക്കറ്റാണ് ഇവിടെ വിജയി. ഞങ്ങളുടെ നിലപാടിന് ലോകം പിന്തുണ നല്‍കും’ എന്നും നദാം സെയ്ദി മാധ്യമങ്ങളോട് പറഞ്ഞു.

‘മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന്റെ റോളില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ടീം കോച്ച്, ക്യാപ്റ്റന്‍, മാനേജര്‍ എന്നിവരുമായി മാച്ച് റഫറി സംസാരിച്ചു. ഹസ്തദാനം വിവാദം സംഭവിക്കാന്‍ പാടില്ലാത്താതിയരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചട്ടലംഘനമുണ്ടായോ എന്ന് പരിശോധിക്കാന്‍ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവും സ്‌പോര്‍ട്‌സും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ല’ നഖ്‌വി വിശദീകരിച്ചു.

ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയ്ക്ക് താല്‍പര്യമുള്ള മാച്ച് റഫറിയാണെന്ന് റമീസ് രാജ ആരോപിച്ചു. ‘കമന്റേറ്ററായും ടോസിനായും ഒരു മല്‍സരത്തിന് പോയാല്‍ ഇന്ത്യയുടെ മല്‍സരങ്ങളില്‍ പൈക്രോഫ്റ്റ് സ്ഥിരമാണ്. 90 തവണ ഇന്ത്യന്‍ മല്‍സരങ്ങളില്‍ അദ്ദേഹം മാച്ച് റഫറിയായി. ഇത് പക്ഷപാതമാണെന്നാണ് എനിക്ക് തോന്നുന്നത്’ റമീസ് രാജ പറഞ്ഞു.

 

icc-considers-action-against-pcb-for-code-of-conduct-violation

Back to top button
error: