Breaking NewsBusinessIndiaLead NewsNEWSNewsthen SpecialTRENDINGWorld

റഷ്യന്‍ എണ്ണ: ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക പിന്‍വലിച്ചേക്കും; ബന്ധം ഊഷ്മളമാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉടന്‍; വ്യാപാര ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം അധികത്തീരുവ യുഎസ് പിന്‍വലിച്ചേക്കും. നവംബര്‍ 30ന് ശേഷം പിഴത്തീരുവ ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരര്‍ വെളിപ്പെടുത്തി. ഇന്ത്യയും യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തിരിച്ചടിത്തീരുവ 25 ശതമാനത്തില്‍നിന്ന് പത്താഴ്ചയ്ക്കുള്ളില്‍ 10 മുതല്‍ 15 ശതമാനത്തിലേക്ക് വരെ കുറഞ്ഞേക്കാമെന്നും അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അധികത്തീരുവയെ തുടര്‍ന്ന് ഉലഞ്ഞ ബന്ധം ഊഷ്മളമാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ കൂടുതലായി പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് മേല്‍ അധികത്തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് യുഎസ് സംഘം വ്യാപാര ചര്‍ച്ചയ്ക്കായി ന്യൂഡല്‍ഹിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്.

Signature-ad

റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു വഴി യുക്രെയ്ന്‍ യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇന്ത്യ ഇന്ധനം വാങ്ങുന്നത് വഴി റഷ്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണമെത്തുന്നുണ്ടെന്നും ഇത് യുക്രെയ്‌നിലെ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കാനാണ് ഉപയോഗിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാതെ പിഴത്തീരുവയില്‍ ചര്‍ച്ച പോലും ഇല്ലെന്നും യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ചു. എന്നാല്‍ ട്രംപിന്റേത് ഇരട്ടത്താപ്പാണെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ടെന്നും ഏറ്റവുമധികം റഷ്യന്‍ എണ്ണ വാങ്ങുന്നത് ചൈനയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്കാര്‍ക്കുമില്ലാത്ത പിഴ ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ട്രംപിന് ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ മേല്‍ 25 ശതമാനം നികുതിയാണ് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 27 മുതല്‍ 25ശതമാനം കൂടി നികുതി ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ മേലുള്ള തീരുവ 50 ശതമാനമായി വര്‍ധിച്ചു. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും രാജ്യത്തെ ജനങ്ങളുടെ ക്ഷേമം നിലനിര്‍ത്താനുള്ള നടപടികള്‍ മാത്രമേ കൈക്കൊള്ളുകയുള്ളൂവെന്നും ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കേണ്ടെന്നും ഇന്ത്യയും നിലപാടെടുത്തു.

ഇന്ത്യയെയും ചൈനയെയും വിരട്ടേണ്ടെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് പുട്ടിനും ട്രംപിന് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ പിഴത്തീരുവ നിലവില്‍ വന്നതിന് പിന്നാലെ മറ്റുരാജ്യങ്ങള്‍ക്ക് മേല്‍ പിഴത്തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി വിധിച്ചു. ട്രംപിന്റെ അധികാരത്തില്‍ വരുന്ന കാര്യമല്ല ഈ നികുതി നിശ്ചയിക്കലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. നവംബര്‍ ആദ്യവാരം ഈ കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

us-may-withdraw-additional-tariffs-on-india-says-cea

Back to top button
error: