ഏതുരാജ്യത്തിന് നേരെയുള്ള ആക്രമണവും ഇരുവര്‍ക്കും നേരെയുള്ള ആക്രമണമായി കരുതും ; പാകിസ്താനുമായി പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവെച്ചു സൗദി അറേബ്യ; ഇന്ത്യയെ ബാധിക്കില്ലെന്ന് വിദഗ്ദ്ധര്‍

സൗദി അറേബ്യ ആണവശക്തിയായ പാകിസ്ഥാനുമായി ഒരു പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കും നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ഇരുവര്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ഏതെങ്കിലും വിധത്തില്‍ ഇന്ത്യയ്ക്ക് എതിരേയുള്ളതായി മാറുമോ എന്നാണ് ആശങ്ക.
എന്നാല്‍ ഈ കരാര്‍ വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നുമാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മറ്റൊരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്ഥാന്‍ പ്രതിരോധത്തിലായിരിക്കു മ്പോള്‍, സൗദി റോയല്‍ എയര്‍ഫോഴ്‌സ് അവരുടെ എഫ്-15, യൂറോഫൈറ്റര്‍ ടൈഫൂണ്‍ വിമാനങ്ങള്‍ ഇസ്ലാമാബാദിനെ സഹായിക്കാന്‍ അയക്കുമോ എന്ന് വിദഗ്ദ്ധര്‍ പരിശോധിക്കുന്നുണ്ട്. പക്ഷേ ഈ കരാര്‍ ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ളതാണെന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ലെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. സൗദി ഒരു കാരണവശാലും ഇന്ത്യയെ ആക്രമിക്കാന്‍ സാധ്യതയില്ലെന്നും പറയുന്നു.
ബുധനാഴ്ച സൗദി അറേബ്യയും ആണവശക്തിയായ പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച ‘തന്ത്രപരമായ പരസ്പര പ്രതിരോധ ഉടമ്പടി’ അതിന്റെ ഉള്ളടക്കം കാരണം ശ്രദ്ധ നേടി. ഒരു രാജ്യത്തിന്റെ പേരും പറയാതെ, ‘ഒരു രാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും’ എന്ന് കരാറില്‍ പറയുന്നു. എന്നാല്‍, ഈ കരാര്‍ കാരണം സൗദി അറേബ്യ പാകിസ്ഥാന് വേണ്ടി ഇന്ത്യയുമായി യുദ്ധത്തിന് പോകില്ലെന്ന് വിദഗ്ധരും ഭൗമരാഷ്ട്രീയ വിശകലന വിദഗ്ധരും പറയുന്നു.






