ശബരിമല സ്വര്‍ണ്ണപ്പാളികളിലെ തൂക്കവ്യത്യാസം ; ശബരിമല ക്ഷേത്ര ഭരണത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും നിരീക്ഷിച്ചു ഹൈക്കോടതി ; അന്വേഷണം വേണമെന്നും ഉത്തരവ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളിലെ തൂക്കം കുറഞ്ഞത് വീഴ്ചയെന്ന് ഹൈക്കോടതി. ശബരിമല ക്ഷേത്ര ഭരണത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും നിരീക്ഷിച്ചു. 2019 ല്‍ സ്വര്‍ണ്ണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്താതിരുന്നത് മനഃപൂര്‍വമാകാമെന്ന സംശയം കോടതി മുന്നോട്ടുവെച്ചു.
ഒന്‍പത് ദിവസത്തെ താമസമാണ് സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ എത്താനായി എടുത്തിരിക്കുന്നത് ഇക്കാര്യത്തില്‍ പരിശോധന വേണം.2019 ല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
സന്നിധാനത്ത് നിന്ന് കൊണ്ടുപോകുമ്പോള്‍ 42 കിലോ ഉണ്ടായിരുന്ന സ്വര്‍ണപ്പാളി സ്മാര്ട്ട്ക്രീയേഷന്സില് എത്തിക്കുമ്പോള്‍ 38 കിലോ ആയി. മാത്രവുമല്ല 2019 ല്‍സ്വര്‍ണ്ണപ്പാളിയുമായുള്ള യാത്രയിലും ദുരൂഹത ഉണ്ടെന്ന് കോടതി കണ്ടെത്തി. തൂക്കം കുറഞ്ഞുപോയ വിവരം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികൃതരോ ബന്ധപ്പെട്ടവരോ എന്തുകൊണ്ടാണ് ഇതുവരെ അറിയാതെ പോയതെന്നും ഇക്കാര്യം എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി ചോദിച്ചു. അനുമതിയില്ലാതെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോകാന്‍ തീരുമാനം എടുത്തതിലും കോടതി സംശയം ഉന്നയിച്ചു.
സ്വര്‍ണ്ണപാളിയുമായി പോയ സ്പോണ്സര്ക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥര്‍ ആരും തന്നെ പോയില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും കോടതി വിലയിരുത്തി. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കോടതിയുടെ മുന്പില് എത്തും.






