Breaking NewsKeralaLead NewsNEWS

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ്.

കോഴിക്കോട് – വയനാട് ദേശീയ പാതയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12.50 നായിരുന്നു അപകടം. ഓഫിസില്‍നിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് പത്രത്തിന്റെ ജീവനക്കാരന്‍ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ജാഫര്‍ മരിച്ചത്.

Signature-ad

സിറാജിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്തിരുന്ന ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. പുതിയ പുരയില്‍ അബ്ദു റഹീം ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ.

Back to top button
error: