അസമില്‍ എസിഎസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്: 92 ലക്ഷം രൂപയും 2 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു ; റെയ്ഡ് അനധികൃത ഭൂമി രജിസ്‌ട്രേഷന്‍ ആരോപണത്തില്‍

ഗുവാഹട്ടി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ നടത്തിയ റെയ്ഡില്‍ 92 ലക്ഷം രൂപയും ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ നൂപുര്‍ ബോറക്കെതിരെ അന്വേഷണം. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലന്‍സ് സെല്ലാണ് അവരുടെ വീട്ടില്‍ അന്വേഷണം നടത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
അനധികൃതമായി കുടിയേറിയവരെന്ന് സംശയിക്കുന്നവര്‍ക്ക് അനധികൃതമായി സര്‍ക്കാര്‍ ഭൂമിയും സത്രാ ഭൂമിയും രജിസ്റ്റര്‍ ചെയ്യാന്‍ നൂപുര്‍ ബോറ സൗകര്യമൊരുക്കിയെന്നാണ് ആരോപണം. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഈ വിഭാഗക്കാരെ ‘മിയ’ എന്നാണ് വിശേഷിപ്പിക്കാറ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ബിജെപി പലപ്പോഴും വിശേഷിപ്പിക്കുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലീം വിഭാഗമാണ് ‘മിയ’.
ഞായറാഴ്ച രാത്രി റെയ്ഡ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, നൂപുര്‍ ബോറ ഒരു ഗസ്റ്റ് ഹൗസില്‍ ആയിരുന്നതിനാല്‍ വൈകി. തിങ്കളാഴ്ച രാവിലെയാണ് ഓപ്പറേഷന്‍ പുനരാരംഭിച്ചത്. ഗുവാഹത്തിയിലെ വീട്ടില്‍ തുടങ്ങിയ റെയ്ഡ്, അവര്‍ക്ക് ബന്ധമുള്ള മറ്റ് മൂന്ന് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ബര്‍പേട്ടയിലെ നൂപുര്‍ ബോറയുടെ വാടകവീട്ടിലും അധികാരികള്‍ റെയ്ഡ് നടത്തി.
ശിവസാഗര്‍ എംഎല്‍എ അഖില്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതി (ഗങടട) നൂപുര്‍ ബോറക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. ഭൂമി രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നൂപുര്‍ ബോറ കൈക്കൂലി വാങ്ങിയിരുന്നതായി പരാതിയില്‍ പറയുന്നു. ഭൂമിയുടെ മാപ്പിനായി 1,500 മുതല്‍ ഭൂമി രേഖകളിലെ പേര് മാറ്റുന്നതിന് 2 ലക്ഷം വരെ കൈക്കൂലി വാങ്ങിയിരുന്നതായി ഇത് അഴിമതി ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു.
ആറ് വര്‍ഷം മാത്രം സര്‍വീസുള്ള നൂപുര്‍ ബോറ കാര്യമായ സമ്പാദ്യം ഉണ്ടാക്കിയെന്നാണ് ആരോപണം. റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍ അനുസരിച്ച്, അവര്‍ക്ക് നിരവധി വസ്തുവകകളുണ്ടെന്ന് വിജിലന്‍സ് സെല്‍ പറയുന്നു.






