Breaking NewsIndiaLead NewsNEWS

കോടതിയുടെ പുറത്തുവച്ച് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലി, വസ്ത്രങ്ങള്‍ വലിച്ചുകീറി

ലക്നൗ: കോടതിയുടെ പുറത്ത് ഭര്‍ത്താവിനെ ചെരുപ്പുകൊണ്ട് തല്ലി യുവതി. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുത്തലാഖ് ചൊല്ലിയതോടെയാണ് ഭര്‍ത്താവിനെ മര്‍ദിച്ചതെന്നാണ് യുവതിയുടെ വിശദീകരണം.

2018ലായിരുന്നു തന്റെ വിവാഹമെന്ന് യുവതി പറയുന്നു. അധികം വൈകാതെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് മര്‍ദിക്കാന്‍ തുടങ്ങി. രണ്ട് പെണ്‍മക്കളെ പ്രസവിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ മക്കളെ കൂട്ടിക്കൊണ്ടുപോയെന്നും യുവതി ആരോപിക്കുന്നു.

Signature-ad

ഭര്‍ത്താവില്‍ നിന്ന് ജീവനാശം തേടിയുള്ള കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച കോടതി വാദം കേട്ടിരുന്നു. യുവതി അമ്മായിയോടൊപ്പമാണ് കോടതിയിലെത്തിയത്. ഭര്‍ത്താവിനൊപ്പം അയാളുടെ പിതാവും കോടതിയില്‍ എത്തിയിരുന്നു. വാദം കഴിഞ്ഞ് കോടതിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍, ഭര്‍ത്താവും ഭര്‍തൃപിതാവും തന്നെ പിന്തുടരുകയും അസഭ്യം പറയുകയും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പിതാവിന്റെ പ്രേരണയാല്‍ ഭര്‍ത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയെന്നും അതിനുപിന്നാലെയാണ് താന്‍ മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ വസ്ത്രത്തില്‍ പിടിച്ചുനിര്‍ത്തി, യുവതി ചെരുപ്പൂരി അയാളെ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. യുവതിയുടെ ആക്രമണത്തില്‍ ഭര്‍ത്താവിന്റെ വസ്ത്രം കീറിപ്പോയി. സംഭവം കണ്ട് ആളുകള്‍ തടിച്ചുകൂടി. അവിടെയുണ്ടായിരുന്ന ആരോ ആണ് വീഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു.

 

Back to top button
error: