Breaking NewsKeralaLead NewsNEWSNewsthen Special

ഒന്ന് വ്യക്തമാക്കണം, വിമർശകർ പറയുന്നതുപോലെ ആർക്കും ലഭിക്കുന്ന ഒരു പ്രൈവറ്റ് അവാർഡാണോ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്? എങ്കിൽ നഗരസഭയുടെ ചിലവിൽ മേയറെ എന്തിനു യുകെയിലേക്ക് അയച്ചു? തിരുവനന്തപുരം നഗരസഭയ്ക്ക് കിട്ടിയതെങ്കിൽ സിപിഐഎമ്മിന്റെ പേര് എങ്ങനെ വന്നു?

ആര്യ രാജേന്ദ്രനും അവർക്ക് ലഭിച്ച അവാർഡാണ് നിലവിൽ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് മേയർ നിലയിൽ താൻ ഏറ്റുവാങ്ങുകയാണ് എന്ന് കഴിഞ്ഞദിവസം ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ പൊതു ജനത്തെ അറിയിച്ചു. അതിനു ശേഷം പ്രസ്തുത അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും പങ്കുവെച്ചു. ഇതിനുപിന്നാലെ അനുമോദന പോസ്റ്റുകളുമായി ഇടത് നേതാക്കളും അണികളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറഞ്ഞു.

എന്നാൽ ഈ അഭിനന്ദന പ്രവാഹങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായില്ല. ഇടതുപക്ഷവും മേയറും വലിയ രീതിയിൽ കൊട്ടിഘോഷിച്ച ഈ പുരസ്കാരം പൈസ കൊടുത്തു വാങ്ങിയതാണ് എന്നുൾപ്പടെയുള്ള ആരോപണവുമായി എതിർപക്ഷം രംഗത്തെത്തി. ഹൗസ് ഓഫ് കോമൺസ്, യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി എന്നെല്ലാം പറയുമ്പോൾ പൊതുജനം ഇതൊരു മഹത്തായ അവാർഡ് ആണ് എന്ന് കരുതും. എന്നാൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നത് ഇന്ത്യക്കാരൻ സ്ഥാപക പ്രസിഡന്റും സിയോയും ആയ സംഘടനയാണ്. അവർ ബ്രിട്ടീഷ് പാർലമെന്റ് ഹാൾ വാടകയ്ക്ക് എടുത്ത് നടത്തിയതാണ് ഈ പരിപാടി, അല്ലാതെ ഈ പരിപാടിക്ക് ഹൗസ് ഓഫ് കോമൺസുമായി ഏതൊരു ബന്ധവും ഇല്ലെന്ന് തെളിവുകൾ സഹിതം ഫേസ്ബുക്കിൽ ഒട്ടനവധി ആളുകൾ പോസ്റ്റ് ചെയ്തു. ഇതോടെ ഇടതുപക്ഷം അഭിമാനത്തോടെ ആഘോഷിച്ച പുരസ്കാരം ഫേസ്ബുക്കിൽ ട്രോൾ മെറ്റീരിയൽ ആയി മാറി. ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച അവാർഡ് സ്വീകരിച്ചു നിൽക്കുന്ന ചിത്രത്തിലുള്ള പുരസ്കാര സർട്ടിഫിക്കറ്റിൽ ആര്യ രാജേന്ദ്രന്റെ പേര് കഴിഞ്ഞു സിപിഐഎം എന്ന് എഴുതിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് അവാർഡ് നൽകുമ്പോൾ എങ്ങനെയാണ് അതിലേക്ക് സിപിഐഎമ്മിന്റെ പേര് കടന്നുവരുന്നത് എന്ന ചോദ്യവും സോഷ്യൽ മീഡിയകളിൽ ഉയർന്നു. ഇത്തരത്തിൽ തട്ടിക്കൂട്ട് അവാർഡുകളിലൂടെ പൊതുജനത്തെ പറ്റിക്കുന്ന പരിപാടി സിപിഎം ഇത് ആദ്യമല്ല നടത്തുന്നതെന്നും വിമർശങ്ങൾ ഉയർന്നു. എന്നാൽ പുരസ്കാരവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും വ്യക്തത വരുത്താൻ സിപിഎമ്മിനോ മേയർക്കോ കഴിഞ്ഞിട്ടില്ല.

Signature-ad

വേൾഡ് ബുക്ക് റെക്കോർഡ് ലിമിറ്റഡ് എന്നത് ലണ്ടനിൽ രജിസ്റ്റർ ചെയ്ത് ഒരു സ്വകാര്യ കമ്പനി ആണ്. 2017 മാർച്ച് 16ന് പ്രൈവറ്റ് കമ്പനിയായിയാണ് ഇതു രജിസ്റ്റർ ചെയ്തതെന്നും കമ്പനി നമ്പർ ഉൾപ്പെടെ കൂട്ടിച്ചേർത്തുകൊണ്ട് ഒട്ടനവധി ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യാതൊരു പ്രാധാന്യവും ഇല്ലാത്ത ഒരു സ്വകാര്യ കമ്പനിയുടെ അവാർഡിനെയാണ് അന്താരാഷ്ട്ര അവാർഡ് എന്ന നിലയിൽ സിപിഎം പ്രചരിപ്പിക്കുന്നത്. ഇത് ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി മാത്രം ചെയ്യുന്നതാണ് എന്നും നിരവധി വിമർശനങ്ങൾ ഉയർന്നു.

ഗൂഗിൾ ജെമിനി ഉപയോഗിച്ച് അവാർഡ് വാങ്ങുന്ന ചിത്രങ്ങൾ നിർമ്മിച്ച ശേഷം തങ്ങൾക്കും എക്സലൻസ് അവാർഡുകൾ പല സംഘടനകളിൽ നിന്നായി ലഭിച്ചു എന്ന തരത്തിൽ നിരവധി ആളുകളാണ് ആര്യ രാജേന്ദ്രനെ പരിഹസിച്ചുകൊണ്ട് എഐ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഈ അവാർഡ് സ്വീകരിക്കാനായി മേയർ യുകെയിലേക്ക് പോയത് നഗരസഭയുടെ പണം ഉപയോഗിച്ച് കൊണ്ടാണെന്ന വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സിപിഎം വലിയ ആഘോഷമായി കൊണ്ടുവന്ന അവാർഡ് നിമിഷനേരങ്ങൾക്കുള്ളിൽ ഫേസ്ബുക്കിൽ തമാശയും ട്രോളും രാഷ്ട്രീയ വിമർശനങ്ങളുമായി മാറുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ആര്യ രാജേന്ദ്രൻ എന്ന തിരുവനന്തപുരം മേയറുടെ ഭരണപരാജയം മറച്ചുവയ്ക്കാനുള്ള തട്ടിപ്പുകളാണ് ഇതൊക്കെ എന്നും ആരോപണങ്ങൾ ഉയർന്നു.

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളിൽ തന്നെ പലപ്പോഴും ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. മാധ്യമങ്ങൾലഅന്ന് റിപ്പോർട്ട് ചെയ്തത് പ്രകാരം സിപിഎം ജില്ലാ സമ്മേളനത്തിൽ തന്നെ ആര്യ തികഞ്ഞ പരാജയമാണെന്നും, മേയർക്കു ധിക്കാരവും ധാർഷ്‌ട്യവുമാണ് എന്നും വിമർശങ്ങൾ ഉയർത്തിയിരുന്നു. ഈ വാർത്തകളും നിലവിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ ഈ അവാർഡ് ചർച്ച സോഷ്യൽ മീഡിയയിൽ ആര്യ രാജേന്ദ്രന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള ഒരു അവസരമായി മാറി. ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആന മണ്ടത്തരമായി പോയി എന്ന കൊല്ലം ജില്ലാ സമ്മേളന വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ വീണ്ടും ഉയർന്നുവന്നു.

ഈ വിഷയത്തിലെ രാഷ്ട്രീയവും വ്യക്തി താല്പര്യങ്ങളും നമുക്ക് മാറ്റിവയ്ക്കാം. സുസ്ഥിരവികസന പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം നഗരസഭയ്ക്ക് ഒരു അന്താരാഷ്ട്ര അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് കേരളത്തിന് മുഴുവൻ അഭിമാനിക്കാൻ കഴിയുന്ന ഒരു കാര്യമാണ്. എന്നാൽ ആരാണ് അവാർഡ് നൽകിയതെന്നും ആ സംഘടനയുടെ പ്രസക്തി എന്താണെന്നും സിപിഎമ്മോ നഗരസഭയോ വ്യക്തമാക്കണം. വിമർശനങ്ങളിൽ പറയുന്നതുപോലെ ആർക്കും ലഭിക്കുന്ന ഒരു പ്രൈവറ്റ് അവാർഡ് ആണ് ഇതെങ്കിൽ എന്തിനു വേണ്ടിയാണ് അത് സ്വീകരിക്കാനായി നഗരസഭയുടെ ചിലവിൽ മേയറെ യുകെയിലേക്ക് പറഞ്ഞയച്ചത്? തിരുവനന്തപുരം നഗരസഭയ്ക്ക് സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് നൽകിയ അവാർഡിൽ സിപിഐഎമ്മിന്റെ പേര് എങ്ങനെയാണ് വന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. കാരണം ഭരണകൂടങ്ങൾക്ക് നൽകപ്പെടുന്ന അവാർഡുകളിൽ രാഷ്ട്രീയപാർട്ടികളുടെ പേര് എന്നുമുതലാണ് രേഖപ്പെടുത്താൻ തുടങ്ങിയതെന്ന് പൊതുജനത്തിനും മനസിലാവുമല്ലോ.

വിമർശനങ്ങളും ചോദ്യങ്ങളും എന്നും ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് ഇത്തരം ചോദ്യങ്ങളും വിമർശനങ്ങളും ആണ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം മേയർ അവാർഡ് വാങ്ങാനായി യാത്ര ചെയ്തത് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ടാണെങ്കിൽ ഈ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകി ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം മേയർക്കുണ്ട്. കേവലം ട്രോളുകളിൽ തമാശകളിലും ഒതുങ്ങി പോവാതെ ഈ അവാർഡ് വിവാദത്തിൽ കൃത്യമായ മറുപടികളും വിശദീകരണങ്ങളും ഉണ്ടാവേണ്ടതുണ്ട്.

Back to top button
error: