ജെന്‍സണെ ഓര്‍ത്ത് ജീവിക്കുന്നില്ല, ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു ; നന്ദിയില്ലാത്തവളായി മാറി ; വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപം

കൊച്ചി: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതായി പരാതി. മരണപ്പെട്ടുപോയ പ്രതിശ്രുതവരന് ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലെന്നാണ് ആക്ഷേപങ്ങള്‍ വരുന്നതെന്നും ശ്രുതി സന്തോഷിക്ുകയും കണ്ണീര് പൊഴിക്കുന്നില്ലെന്നും നന്ദിയില്ലാത്തവളായി മാറിയെന്നുമാണ് ആക്ഷേപങ്ങള്‍.
ശ്രുതി നേരിടുന്ന സാമൂഹികാധിക്ഷേപത്തിന്റെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത് സാമൂഹിക പ്രവര്‍ത്തക താഹിറ കല്ലുമുറിക്കലാണ്. ഇന്‍ബോക്സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് ശ്രുതി തനിക്ക് ഷെയര്‍ ചെയ്തതായി പറഞ്ഞിരിക്കുന്നത് തന്റെ സോഷ്യല്‍മീഡിയാ കുറിപ്പിലാണ്. ശ്രുതി ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ, അവള് ചിരിച്ചാഘോഷിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നു, ഇതൊക്കെ കാരണം അവള് നന്ദിയില്ലാത്തവളായി മാറി എന്നൊക്കെയാണ് ഇന്‍ബോക്സില്‍ വരുന്ന അധിക്ഷേപങ്ങള്‍ എന്ന് താഹിറ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജെന്‍സണിന്റെ മരണത്തിന് മുന്‍പാണ് ശ്രുതിയെ പരിചയപ്പെടുന്നതെന്നും അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവള് ജീവിക്കാന്‍ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യരായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങള്‍ക്കാണെങ്കില്‍ നിങ്ങള്‍ ജനല്‍ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീര് പൊഴിച്ചിരുന്നോളൂ, പക്ഷെ അവള്, അവളുടെ മനസാക്ഷിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിച്ചു മുന്നോട്ട് പോകുക തന്നെ ചെയ്യട്ടെയെന്നും താഹിറ കുറിച്ചു.
ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് പ്രതിശ്രുത വരന് ജെന്‍സനെയും വാഹനാപകടത്തില്‍ നഷ്ടപ്പെട്ടിരുന്നു. അപകടത്തില്‍ ശ്രുതിക്കും സാരമായി പരിക്കേറ്റിരുന്നു. വിവാഹം നടക്കാനിരിക്കെയായിരുന്നു പ്രതിശ്രുത വരനും മരിച്ചത്. പിന്നീട് ശ്രുതിക്ക് വയനാട് കലക്ട്രേറ്റില്‍ റവന്യൂവകുപ്പില്‍ നിയമനം ലഭിച്ചു.






