ആക്രമണം ട്രംപ് പച്ചക്കൊടി കാട്ടിയതോടെ എന്നു പാശ്ചാത്യ മാധ്യമങ്ങള്‍; ഖലീല്‍ അല്‍ ഹയ്യയും മകനുമടക്കം പത്തുപേര്‍ മരിച്ചെന്ന് ഇസ്രയേല്‍; 15 ഫൈറ്റര്‍ ജെറ്റുകള്‍, പത്തു സ്‌ഫോടനങ്ങള്‍; എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍

ദോഹ: ഗള്‍ഫ് മേഖലയെ ഞെട്ടിച്ച് ദോഹയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്‌ക്കെത്തിയ ഹമാസ് നേതാക്കളെ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ യോഗം ചേര്‍ന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണമെന്ന് ഹമാസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഖലീല്‍ അല്‍ ഹയ്യ, ഖാലദ് മാഷാല്‍ എന്നിവരടക്കം പത്തുപേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന് അറേബ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഖലീലിന്റെ മകന്‍ ഹിമാം അല്‍ ഹയ്യ, ഓഫീസ് ഡയറക്ടര്‍ അബു ബിലാല്‍, മൂന്ന് മറ്റ് അടുപ്പക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. പത്തു ബോംബുകളാണ് ഇവരെ ലക്ഷ്യമിട്ട് വര്‍ഷിച്ചതെന്നും ഇതിനു മുമ്പും മരണങ്ങള്‍ മറച്ചു വയ്ക്കാന്‍ ഹമാസ് ശ്രമിച്ചിട്ടുണ്ടെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.
Reported footage of the Israeli airstrike that targeted Hamas’ leadership in Doha today. pic.twitter.com/vm0E4fepjZ
— Joe Truzman (@JoeTruzman) September 9, 2025
15 വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ഹമാസ് നേതാക്കള്‍ എത്തിയതിനു സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു ആക്രമണം. വിമാനങ്ങളെല്ലാം ഇസ്രയേലില്‍ മടങ്ങിയെത്തിയെന്നും ആകാശത്തുവച്ചു നിരവധി തവണ ഇന്ധനം നിറച്ചെന്നും സൈന്യം അവകാശപ്പടുന്നു.
ട്രംപ് പച്ചക്കൊടി കാട്ടിയതിനു പിന്നാലെയാണ് ആക്രമണമെന്നാണ് നിരവധി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസയില്‍ ആക്രമണം ആരംഭിച്ച് ഇത്രനാള്‍ കഴിഞ്ഞിട്ടും ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിക്ക് ഇസ്രായേല്‍ നീങ്ങിയിരുന്നില്ല. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഖത്തറില്‍ നടത്തുന്ന നീക്കം കടുത്ത നയതന്ത്ര പ്രതിസന്ധിയുണ്ടാക്കുമെന്നായിരുന്നു കരുതിയതെന്നും അടുത്തിടെ ട്രംപ് വെടിനിര്‍ത്തലിനും കരാറിലെത്താനും ഹമാസിനോട് അന്ത്യശാസനം നല്‍കിയിരുന്നത് നടപ്പാകാതെ വന്നതോടെയാണ് നടപടിയെന്നുമാണ് വിലയിരുത്തുന്നത്.
ഹമാസ് നേതാക്കള്‍ ദോഹയിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്നും അവരെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷനെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. പെട്രോള്‍ സ്റ്റേഷന്റെ തൊട്ടടുത്ത് ചെറിയ പാര്‍പ്പിട സമുച്ചയമുണ്ട്. ഗാസ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇവിടെ 24 മണിക്കൂറും ഖത്തറിന്റെ എമിരി ഗാര്‍ഡ് സുരക്ഷ ഒരുക്കുന്നുണ്ട്.
ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ‘ശരിയായ തീരുമാനം’ എന്നാണ് ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് എക്‌സില്‍ കുറിച്ചത്. ഭീകരര്‍ ലോകത്തെവിടെയായാലും ഇസ്രായേലിന്റെ കൈയ്യില്‍ നിന്ന് പ്രതിരോധിക്കാനാകില്ലെന്നാണ് ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞത്.
2023 ഒക്‌ടോബറില്‍ ഹമാസ് ഇസ്രയേലി പൗരന്‍മാരായ 1200 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിനു പിന്നാലെ നിരവധി ഹമാസ് നേതാക്കളെ വധിച്ചിരുന്നു. പിന്നാലെ ലെബനന്‍, സിറിയ, ഇറാന്‍, യെമന്‍ എന്നിവയ്ക്കുനേരെയും ആക്രമണം അഴിച്ചുവിട്ടിരുന്നു. ലെബനനില്‍ ഹിസ്ബുള്ളയ്ക്കും യെമനില്‍ ഹൂതികള്‍ക്കും നേരെയുമായിരുന്നു ആക്രമണം.
ഹമാസിന്റെ നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തില്‍ ഖത്തര്‍ പ്രതിഷേധിച്ചു. രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും ഖത്തര്‍ നിവാസികളുടെ സുരക്ഷയുടെ പ്രശ്‌നമായി കാണുന്നെന്നും ഖത്തര്‍ പ്രതികരിച്ചു. മേഖലയുടെ സുരക്ഷയെ ആകെ ബാധിക്കുന്ന തരത്തിലുള്ള ഇസ്രയേലിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമായി കാണുന്നെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി എക്‌സില്‍ കുറിച്ചു.
ഖത്തറിന്റെ പരമാധികാരത്തിനുനേരെയുള്ള കടന്നുകയറ്റമാണിതെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഹമാസ് നേതാക്കള്‍ക്കുനേരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തോടെ സ്ഥിതി ഗുരുതരമായെന്നു ലിയോ മാര്‍പാപ്പ പറഞ്ഞു.
സഹോദര രാജ്യമെന്ന നിലയില്‍ ഇസ്രയേലിന്റെ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യയും പറഞ്ഞു. രാജ്യാന്തര നിമയത്തിന്റെ ലംഘനമാണിതെന്നും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്നും സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലബനന്‍ പ്രസിഡന്റ്, ഇറാന്‍ വിദേശകാര്യ മന്ത്രി, യുഎഇ വിദേശകാര്യ മന്ത്രാലയം എന്നിവയെല്ലാം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണു രംഗത്തുവന്നത്.






