Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

പദ്ധതിയിട്ടതും നടപ്പാക്കിയതും ഇസ്രയേല്‍; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഖത്തര്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു; ആക്രമണത്തിന് എതിരേ ഒറ്റക്കെട്ടായി പ്രതികരിച്ച് മുസ്ലിം രാഷ്ട്രങ്ങള്‍; നേരത്തേ അറിഞ്ഞെന്ന് അമേരിക്ക

ദോഹ: ഖത്തറില്‍ ജീവിച്ച് ഹമാസിനെ നയിക്കുന്ന നേതാക്കളെ ഉന്നമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നനു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ആണ് പദ്ധതിയിട്ടതും നടപ്പാക്കിയതെന്നും പൂര്‍ണ ഉത്തരവാദിത്വവും ഇസ്രയേലിനു മാത്രമാണെന്നും നെതന്യാഹു പറഞ്ഞു.

പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ നേതാക്കള്‍ വര്‍ഷങ്ങളായി ഖത്തര്‍ കേന്ദ്രമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വക്താവ് ഖലീല്‍ അല്‍ ഹയ്യ അടക്കം ഉള്‍പ്പെടും. ഇസ്രായേലിന്റെ നടപടിയെത്തുടര്‍ന്ന് ഗാസയിലും ലെബനനിലും ഇറാനിലും നടന്ന യുദ്ധം പശ്ചിമേഷ്യയാകെ വ്യാപിക്കുന്നതിന്റെ സൂചനകളാണു കാണുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്റ്റിനൊപ്പം മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നത് ഖത്തറാണ്.

Signature-ad

ഖലീല്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് ആക്രമണമെങ്കിലും ഇവര്‍ രക്ഷപ്പെട്ടെന്നാണ് ഹമാസ് വക്താക്കള്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞത്. കഴിഞ്ഞ ദിവസം ജറുസലേമില്‍ നടത്തിയ വെടിവയ്പിന്റെ ഉത്തരവാദിത്വം ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ക്വാസിം ബ്രിഗേഡ് ഏറ്റെടുത്തതിനു പിന്നാലെയാണ് ഇസ്രയേലിന്റെ നടപടി.

ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ ഗാസ പിടിച്ചെടുക്കാനുള്ള തീവ്ര യുദ്ധത്തിലേക്കു കടന്ന ഇസ്രയേലിന്റെ നടപടി നിയന്ത്രിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ജറുസലേം ആക്രമണം. ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നു ദൃക്‌സാക്ഷി റോയിട്ടേഴ്‌സിനോടു വെളിപ്പെടുത്തി.

2023 ഒക്‌ടോബറില്‍ ഹമാസ് ഇസ്രയേലി പൗരന്‍മാരായ 1200 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിനു പിന്നാലെ നിരവധി ഹമാസ് നേതാക്കളെ വധിച്ചിരുന്നു. പിന്നാലെ ലെബനന്‍, സിറിയ, ഇറാന്‍, യെമന്‍ എന്നിവയ്ക്കുനേരെയും ആക്രമണം അഴിച്ചുവിട്ടിരുന്നു. ലെബനനില്‍ ഹിസ്ബുള്ളയ്ക്കും യെമനില്‍ ഹൂതികള്‍ക്കും നേരെയുമായിരുന്നു ആക്രമണം.

ഹമാസിന്റെ നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തില്‍ ഖത്തര്‍ പ്രതിഷേധിച്ചു. രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും ഖത്തര്‍ നിവാസികളുടെ സുരക്ഷയുടെ പ്രശ്‌നമായി കാണുന്നെന്നും ഖത്തര്‍ പ്രതികരിച്ചു. മേഖലയുടെ സുരക്ഷയെ ആകെ ബാധിക്കുന്ന തരത്തിലുള്ള ഇസ്രയേലിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമായി കാണുന്നെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി എക്‌സില്‍ കുറിച്ചു.

ഖത്തറിന്റെ പരമാധികാരത്തിനുനേരെയുള്ള കടന്നുകയറ്റമാണിതെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഹമാസ് നേതാക്കള്‍ക്കുനേരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തോടെ സ്ഥിതി ഗുരുതരമായെന്നു ലിയോ മാര്‍പാപ്പ പറഞ്ഞു.

സഹോദര രാജ്യമെന്ന നിലയില്‍ ഇസ്രയേലിന്റെ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യയും പറഞ്ഞു. രാജ്യാന്തര നിമയത്തിന്റെ ലംഘനമാണിതെന്നും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്നും സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ലബനന്‍ പ്രസിഡന്റ്, ഇറാന്‍ വിദേശകാര്യ മന്ത്രി, യുഎഇ വിദേശകാര്യ മന്ത്രാലയം എന്നിവയെല്ലാം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണു രംഗത്തുവന്നത്.

 

 

israel launched an attack on the leadership of Hamas in Qatar on Tuesday, where the Palestinian Islamist group has long had its political base.

Back to top button
error: