ക്യാപ്റ്റന്‍ രാജുവിനെ കുറിച്ച് മുകേഷ് പല കഥകളും കെട്ടിച്ചമച്ചു; അദ്ദേഹത്തിന്റെ വാക്കുകള്‍ ലാലിനെ വിഷമിപ്പിച്ചു

വില്ലത്തരം അഭ്രപാളിയില്‍ മാത്രം പ്രതിഫലിപ്പിച്ച സ്നേഹസമ്പന്നനായ പച്ച മനുഷ്യനാണ് ക്യാപ്റ്റന്‍ രാജു. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി, നായകന് ഒത്ത എതിരാളിയായി, കാണികളെ കൊണ്ട് വില്ലന് വേണ്ടി കയ്യടിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അദ്ദേഹം. പുറമെ പരുക്കനായി തോന്നുമെങ്കിലും വലിയൊരു മനസിന് ഉടമയായിരുന്നു അദ്ദേഹം. ആ വലിയ കലാകാരന്റെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
‘സാധാരണ സിനിമാക്കാരില്‍ കാണുന്ന പാരവയ്പ്പോ, മറ്റുള്ളവരെ പരിഹസിക്കുകയോ, മദ്യപിച്ച് അലമ്പുണ്ടാക്കുകയോ സ്ത്രീ വിഷയങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങളോ ഒന്നും അദ്ദേഹത്തിന്റെ അടുത്തുകൂടി പോയിട്ടില്ല. അത്തരം കഥകളൊന്നുമില്ലാത്തതിനാലാകാം മറ്റ് തരത്തിലുള്ള കഥകള്‍ ചിലര്‍ പ്രചരിപ്പിച്ചിട്ടുള്ളത്.
വില്ലന്മാരായി അഭിനയിച്ചിരുന്ന ചില നടന്മാര്‍ തമാശരീതിയില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം മിലിട്ടറി ടീമിന്റെ ക്യാപ്റ്റനല്ല, ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനാണെന്ന്. ക്യാപ്റ്റന്‍ രാജുവിനെക്കുറിച്ച് നടന്‍ മുകേഷ് പല പല കഥകളും കെട്ടിച്ചമച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയൊന്നുമില്ലാതിരുന്ന ആ കാലത്ത് മുകേഷ് കഥകള്‍ക്ക് വലിയ പ്രചാരവും ലഭിച്ചിട്ടുണ്ട്.
ഒരിക്കല്‍ ക്യാപ്റ്റന്‍ രാജു രാവിലെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഡ്രൈവര്‍ക്കൊപ്പം പുറപ്പെട്ടു. കാറിന്റെ മുന്നിലൂടെ ഒരു പാര്‍സല്‍ സര്‍വീസ് വണ്ടി സഞ്ചരിക്കുന്നുണ്ടായിരുന്നു. അടൂരെത്തിയപ്പോള്‍ ആ വണ്ടിയില്‍ നിന്ന് ഒരു പാഴ്‌സല്‍ താഴെ വീണു. പിന്നാലെ വന്ന രാജുച്ചായന്‍ കാര്‍ അവിടെ നിര്‍ത്തി, പാഴ്‌സല്‍ വണ്ടിയില്‍ കയറ്റി, മറ്റേ വണ്ടിയുടെ പിന്നാലെ പാഞ്ഞു. തുറവൂരെത്തിയപ്പോള്‍ മറ്റൊരു പാഴ്‌സല്‍ താഴെ വീണു. ഇതുകണ്ട ക്യാപ്റ്റന്‍ അതും കാറില്‍ കയറ്റി. ഡ്രൈവറോട് സ്പീഡില്‍ കാര്‍ വിടാന്‍ പറഞ്ഞു. മറ്റേ വണ്ടിയെ ഓവര്‍ടേക്ക് ചെയ്ത് കൈകാണിച്ച് വണ്ടി നിര്‍ത്തി. പാഴ്‌സല്‍ താഴെ വീണതിനെക്കുറിച്ച് പറഞ്ഞു. അത് പത്രമാണെന്നും ഓരോ സ്ഥലത്തും ഇടേണ്ടതാണെന്നും അവര്‍ മറുപടി നല്‍കി. സാര്‍ തന്നെ അത് തിരിച്ചുകൊണ്ടിടണമെന്നും അവര്‍ പറഞ്ഞു. അങ്ങനെ ക്യാപ്റ്റന്‍ രാജു വണ്ടി തിരിച്ച് അതുകൊണ്ടിടാനായി അടൂര്‍ വരെ പോയി.
അന്നത്തെ കാലത്ത് മുകേഷ് കഥ സിനിമാ രംഗത്ത് കേള്‍ക്കാത്തവര്‍ ചുരുക്കമായിരുന്നു. ഈ കഥയും അതിന്റെ ഉറവിടവും ക്യാപ്റ്റന്‍ രാജുവിന്റെ ചെവിയിലുമെത്തി. ഇത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. മാത്രമല്ല അദ്ദേഹം ക്ഷുഭിതനായി. ഇതറിഞ്ഞ മുകേഷ് രാജുച്ചായനെ എങ്ങനെ അഭിമുഖീകരിക്കുമെന്നോര്‍ത്ത് ഭയത്തിലുമായി. മുകേഷിന്റെ ഈ കഥ വര്‍ഷങ്ങള്‍ക്ക് ശേഷം ഏതോ സിനിമയിലും കോപ്പി ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു.
രാജുച്ചായന്‍ പറഞ്ഞത്, സിനിമയില്‍ പാര പണിയുന്നവരും ശത്രുക്കളുമൊക്കെ ഒരുപാടുണ്ടെന്നാണ്. പക്ഷേ നമുക്കവരെ തിരിച്ചറിയാന്‍ പ്രയാസമാണ്. അവര്‍ ചിരിച്ചും, രസിച്ചും സ്നേഹിച്ചുമൊക്കെ നമ്മോടൊപ്പം നടക്കുകയും നമുക്കിട്ട് പണിയുകയും ചെയ്യും. എനിക്കിട്ട് പണിഞ്ഞ പലരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ അവരോട് ആരോടും പിണക്കമോ ദേഷ്യമോ കാണിച്ചിട്ടില്ല. അതിന്റെ കാരണം ഞാന്‍ ദൈവ വിശ്വാസിയാണ്. മുകളിലിരിക്കുന്ന ഒരാള്‍ ഇതെല്ലാം കാണുന്നുണ്ട്. കര്‍മ എന്നൊന്ന് ഉണ്ട്. അതനുഭവിക്കും. പലരും അനുഭവിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരിക്കല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ സിനിമയിലെ പല സ്നേഹിതന്മാരോടും പണം ആവശ്യപ്പെട്ടു. അന്നത്തെക്കാലത്തെ അമ്പതിനായിരം രൂപ. ആരും സഹായിച്ചില്ല. ഒടുവില്‍ മോഹന്‍ലാലിന്റെ മുഖം മനസില്‍ വന്നു. മോഹന്‍ലാല്‍ പ്രശ്‌നം പരിഹരിച്ചു. പണം വാങ്ങിയ ശേഷം പലിശ സഹിതം തിരിച്ചുതരുമെന്ന് ക്യാപ്റ്റന്‍ രാജു പറഞ്ഞത് ലാലിന് വിഷമമുണ്ടാക്കി. താനൊരു പലിശക്കാരനല്ലെന്നും സഹോദരനെ സഹായിച്ചതിന് പലിശയെന്തിനാണെന്നും ലാല്‍ ചോദിച്ചു. ഇക്കാര്യം രാജുച്ചായന്‍ എന്നോട് പറഞ്ഞിരുന്നു.’- ആലപ്പി അഷ്‌റഫ് പറഞ്ഞു. പകരക്കാരനില്ലാത്ത സവിശേഷ വ്യക്തിത്വമായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റേത്. 2018ലാണ് നടന്‍ വിടപറഞ്ഞത്.






