ഇന്ത്യന്‍ അണ്ടര്‍-16 വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏക താരമായി അഥീന മറിയം ജോണ്‍സണ്‍

തൃശൂര്‍: മലേഷ്യയിലെ സുറംബാനില്‍ നടക്കുന്ന ഫിബ ഏഷ്യ കപ്പ് അണ്ടര്‍-16 വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ ഏക മലയാളിയായി തൃശൂര്‍ കൊരട്ടിയിലെ അഥീന മറിയം ജോണ്‍സണ്‍. സെപ്റ്റംബര്‍ 13 മുതല്‍ 19 വരെയാണു മത്സരം.
കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഥീന, ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെന്നൈയില്‍ നടത്തിയ ദേശീയ ക്യാമ്പില്‍ നിന്നാണ് ടീമിലേക്ക് ഇടം നേടിയത്.
അഥീനയുടെ അച്ഛന്‍ കോട്ടയം നെടുംകുന്നം പതാലില്‍ സ്വദേശിയും, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലകനുമായ ജോണ്‍സണ്‍ തോമസാണ്. ജോണ്‍സണ്‍ കഴിഞ്ഞ ജൂലൈയില്‍ ജര്‍മനിയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു.
അമ്മ അനു ഡി. ആലപ്പാട്ട് തൃശൂര്‍ സെന്റ് മേരീസ് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവിയാണ്. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന പരേതനായ എ.വി. ദേവസിക്കുട്ടിയുടെ മകളാണ് അനു.
കഴിഞ്ഞ ഏപ്രിലില്‍ പോണ്ടിച്ചേരിയില്‍ നടന്ന ദേശീയ വനിതാ യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീമിന്റെ കോച്ചും മാനേജരുമായിരുന്നു യഥാക്രമം ജോണ്‍സണും അനുവും. അഥീനയുടെ സഹോദരിമാരായ ആമി അന്ന ജോണ്‍സണ്‍, അഗത റോസ് ജോണ്‍സണ്‍ എന്നിവര്‍ സബ് ജൂനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളുമാണ്.






