മുച്ചൂടും മുടിക്കാനുറച്ച് ട്രംപ്? ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കിയേക്കും, വന്‍ തിരിച്ചടി

വാഷിങ്ടന്‍: തീരുവ വര്‍ധനയിലൂടെ ഇന്ത്യയ്ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഐടി മേഖലയില്‍ അടുത്ത ‘പണി’യുമായി ഉടന്‍ രംഗത്തെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്സോഴ്സിങ്’ നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാന്‍ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഐടി സേവനങ്ങള്‍ക്കായി ഇനി അമേരിക്കക്കാര്‍ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോള്‍ സെന്ററുകള്‍ വീണ്ടും അമേരിക്കന്‍ ആകുമെന്നും ലോറ ലൂമര്‍ പരിഹാസരൂപേണ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു. തീരുമാനം നടപ്പിലാക്കിയാല്‍, ഇത് ഇന്ത്യന്‍ ഐടി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും. യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്സോഴ്സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഐടി മേഖലയെ വലിയ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് സൂചന.






