പൂക്കളത്തെച്ചൊല്ലി തര്‍ക്കം: സൈനികനും വിമുക്തഭടനും ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ കേസ്

കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്രത്തിനു മുന്നില്‍ തിരുവോണ നാളില്‍ യുവാക്കള്‍ ഒരുക്കിയ പൂക്കളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സൈനികനും വിമുക്തഭടനും ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്നു വര്‍ഷങ്ങളായി ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്ത് പൂക്കളം ഒരുക്കാറുണ്ട്.
ഇത്തവണ പൂക്കളത്തിനൊപ്പം പൂക്കള്‍ കൊണ്ട് കാവിക്കൊടി വരച്ച ശേഷം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസ്, ചിഹ്നങ്ങളും എഴുത്തും നീക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ഇതു രാഷ്ട്രീയ ചിഹ്നങ്ങള്‍ അല്ലെന്ന് അറിയിച്ച് യുവാക്കള്‍ പൊലീസ് നിര്‍ദേശം തള്ളി. ഇതോടെയാണ് കലാപശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. എന്നാല്‍ എഫ്‌ഐആറില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പരാമര്‍ശമില്ല.
സമീപത്തായി ഛത്രപതി ശിവജിയുടെ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന്റെ വിവരങ്ങളും എഫ്‌ഐആറിലുണ്ട്. തിരുവോണത്തിന് പൂക്കളമിടാനുള്ള നീക്കം സംഘര്‍ഷത്തിനു കാരണമാകുമെന്ന പരാതിയില്‍ ഇടത്, കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ക്ഷേത്ര ഭരണസമിതിയെയും സംഘപരിവാര്‍ പ്രവര്‍ത്തകരെയും വിളിച്ച് ഓണത്തിന് മുന്നോടിയായി പൊലീസ് ചര്‍ച്ച നടത്തിയിരുന്നു.
പൂക്കളം ഒരുക്കുന്നതില്‍ മറ്റ് അടയാളങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയ ശേഷം ഇരുകൂട്ടര്‍ക്കും പൂക്കളം ഒരുക്കാനുള്ള സ്ഥലം മാര്‍ക്ക് ചെയ്തു നല്‍കി. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കലാപ ശ്രമത്തിനു കേസെടുക്കുമെന്ന് അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
എന്നാല്‍ ക്ഷേത്രത്തിനു നൂറു മീറ്റര്‍ ചുറ്റളവില്‍ ജാതി, മത, രാഷ്ട്രീയ, സാമുദായിക സംഘടനകളുടെയോ മറ്റ് പ്രസ്ഥാനങ്ങളുടെയോ കൊടി തോരണങ്ങളും ചിഹ്നങ്ങളും പേരുകളും മറ്റ് അടയാളങ്ങളും അലങ്കാരങ്ങളും സ്ഥാപിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം സംബന്ധിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നും പൂക്കളം ഇടരുതെന്നു പറഞ്ഞിട്ടില്ലെന്നും വിവാദങ്ങള്‍ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കമാണെന്നും ക്ഷേത്രഭരണസമിതി പറഞ്ഞു.






