രാജ്യത്ത് കസ്റ്റഡിമരണങ്ങള് കുടുന്നു ; 2025 ല്‍ ഏഴു മാസത്തിനിടയില്‍ 11 മരണങ്ങള് ; സ്റ്റേഷനില്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതില്‍ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കസ്റ്റഡിമരണങ്ങള് കുടുന്ന സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി പ്രവര്‍ത്തനരഹിതമാകുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണനയ്ക്കെടുത്തത്. 2025 ല്‍ 11 മരണങ്ങള് നടന്നെന്ന ദൈനിക് ഭാസ്ക്കര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേസെടുത്തത്.
പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തനക്ഷമമായ സിസിടിവികളുടെ അഭാവമെന്ന് തലക്കെട്ടിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി. പോലീസ് സ്റ്റേഷനില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് സുപ്രീംകോടതി നേരത്തേ നിര്‍ബ്ബന്ധമാക്കിയിരുന്നു. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ ഓഫീസ് അടക്കം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ സ്റ്റേഷനുകളിലും ക്യാമറ വേണമെന്നാണ് പറഞ്ഞിരുന്നത്.
രാജ്യത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും രാത്രി കാഴ്ച ക്യാമറകളുള്ള സിസിടിവി സ്ഥാപിക്കാന്‍ കോടതി 2020 ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് എട്ട് മാസത്തിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള് സംഭവിച്ചതായിട്ടാണ് ദൈനിക് ഭാസ്ക്കര്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറഞ്ഞത്. കേരളത്തില്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവിന് പോലീസിന്റെ കയ്യില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ വന്‍ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കോടതി നിര്‍ദേശിച്ച ശേഷമാണ് ഈ സംഭവത്തിലും കേസ് ഉണ്ടായത്.






