വീട് നിലംപാത്തി, നാട് കിടുങ്ങി: കീഴറയെ വിറപ്പിച്ച് സ്ഫോടനം; 400 മീറ്റര്‍ അകലെയുള്ള വീടിനുവരെ നാശം

കണ്ണൂര്‍: ഉഗ്രസ്ഫോടനം കേട്ടാണ് ഇന്നലെ കണ്ണപുരം കീഴറഗ്രാമം ഞെട്ടിയുണര്‍ന്നത്. സമീപവാസികള്‍ വീടിനു പുറത്തിറങ്ങിയപ്പോള്‍ എങ്ങും പുകമയം. ഇതോടെ ഭീതിയുണര്‍ന്നു. ബോംബ് സ്ഫോടനമാണു നടന്നതെന്ന വിവരം പരന്നു. പൊലീസും നാട്ടുകാരും കുതിച്ചെത്തി. അവിടെ കണ്ടകാഴ്ച ഭയനാകമായിരുന്നു. പകുതി വീതം കോണ്‍ക്രീറ്റും ഓടും മേഞ്ഞ വീടിന്റെ മേല്‍ക്കൂരയുടെ ഓട് മേഞ്ഞ ഭാഗം മുഴുവന്‍ തകര്‍ന്നടിഞ്ഞിരുന്നു. യുദ്ധത്തില്‍ ബോംബിട്ടു തകര്‍ത്ത സ്ഥലം പോലെ ചിതറിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍. 50 മീറ്റര്‍ അകലെ തെറിച്ചുവീണ വീട്ടുസാമഗ്രികള്‍. സ്ഫോടനം നടന്നയിടത്ത് കുഴി രൂപപ്പെട്ടിരുന്നു.
വീടിന്റെ മുന്‍വശത്തെ അഴികള്‍ റോഡരികിലെത്തിയിരുന്നു. പിന്നീട് പരിശോധനയില്‍ മുഹമ്മദ് അഹ്സമിന്റെ മൃതദേഹം കണ്ടെത്തി. സ്ഫോടനത്തിന്റെ ഭീതി നാട്ടുകാരുടെ മനസ്സില്‍ നിന്ന് ഇനിയും അകന്നിട്ടില്ല. 2 കിലോമീറ്റര്‍ ദൂരെയുള്ള വീട്ടുകാര്‍ പോലും ശബ്ദം കേട്ടുണര്‍ന്നു. സമീപത്തെ തീയ്യങ്കണ്ടി മാധവി, എം.വി.ജിനിത്ത്, ചെല്ലട്ടന്‍ പത്മാക്ഷിയമ്മ, കെ.വി ബൈജു, കെ.വി.സുരേഷ്, തീയ്യങ്കണ്ടി ലക്ഷ്മണന് എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കാണ് വലിയ നാശനഷ്ടമുണ്ടായത്. ജനാലയുടെ ഗ്ലാസ് തകര്‍ന്നു. എം.വി.ജിനിത്തിന്റെ വീടിന്റെ അടുക്കളയുടെ മരവാതില്‍ നടുഭാഗത്തു പാതി തകര്‍ന്നു.
ശുചിമുറിയുടെ വാതിലുകള്‍ ഇളകിപ്പോയി. സ്ഫോടനം നടന്ന വീടിന്റെ 400 മീറ്റര്‍ അകലയുള്ള വീടിനും നാശനഷ്ടമുണ്ടായി. സ്ഫോടക വസ്തുക്കളുടെ രൂക്ഷഗന്ധവും പൊടിയും നാടാകെ പരന്നതിനാല്‍ പലര്‍ക്കും അസ്വസ്ഥതയും അനുഭവപ്പെട്ടു. ഒരുകീലോമീറ്ററോളം ദൂരത്തില്‍ സ്ഫോടനത്തിന്റെ ശബ്ദംകേട്ടതായി നാട്ടുകാര്‍ പറയുന്നു. കണ്ണപുരം പൊലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
തളിപ്പറമ്പില്‍ നിന്ന് അഗ്നിരക്ഷാ സേനയും എത്തി. സ്റ്റേഷന് ഓഫീസര്‍ എന്‍. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിധിന്‍രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്കി. കണ്ണൂര്‍ എസിപി പി.രാജേഷ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.വി.ലതീഷ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. കണ്ണൂരില്‍ നിന്നു ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫൊറന്‍സിക് വിഭാഗം വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തി.
അതേസമയം, സ്ഫോടനമുണ്ടായതില്‍ ഏറെയും വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഗുണ്ട് ആണെന്നാണ് പൊലീസ് പറയുന്നത്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ്. എന്നാല്‍ ഇപ്പോള്‍ ഉത്സവകാലമല്ല. പിന്നെന്തിനു പടക്കമുണ്ടാക്കണമെന്ന ചോദ്യമാണു ബാക്കി. ഉത്സവങ്ങള്‍ക്കു വേണ്ടിയെന്നു പറഞ്ഞ് അനൂപ് നിര്മിച്ചിരന്ന സ്ഫോടക വസ്തുക്കള്‍ ആര്‍ക്കാണു വിറ്റിരുന്നതെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ ദുരൂഹമാണ്.






