കോട്ടയത്തുനിന്ന് 50 പവന്‍ കവര്‍ന്ന് ഗുജറാത്തിലേക്ക് കടന്നു; അന്വേഷണത്തിനായി പരിശോധിച്ചത് 1000-ലേറെ നമ്പര്‍, അഞ്ചംഗസംഘത്തിലെ പ്രധാനി പിടിയില്‍

കോട്ടയം: മാങ്ങാനത്ത് വില്ലയില്‍ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. മധ്യപ്രദേശിലെ ഥാര്‍ ജെംദാ സ്വദേശി ഗുരു സജനെ(41) ആണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഗുജറാത്തിലെ മോര്‍ബിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കവര്‍ച്ചാ സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നാണ് വിവരം. മാങ്ങാനം സ്‌കൈലൈന്‍ വില്ലയിലെ അമ്പുങ്കയത്ത് അന്നമ്മ തോമസിന്റെ വീട്ടിലെ ഇരുമ്പ് അലമാരയുടെ പൂട്ടുപൊളിച്ച് 36 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. അഞ്ച് പേരാണ് ഇവിടെ കവര്‍ച്ച നടത്തിയത്.
വിരലടയാളവും മൊബൈല്‍ ഫോണും പിന്തുടര്‍ന്നായിരുന്നു അന്വേഷണം. സംഭവദിവസം രാത്രി വീടിന്റെ ലൊക്കഷനിലെത്തിയ ആയിരത്തിലേറെ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു. 2016-ല്‍ കര്‍ണാടകയില്‍ രാമദുര്‍ഗ സ്റ്റേഷനില്‍ നടന്ന സമാന സ്വഭാവമുള്ള കേസിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ഗുരു സജ്ജനിലേക്ക് അന്വേഷണസംഘമെത്തിയത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാള്‍ ഗുജറാത്തിലുണ്ടെന്ന് കണ്ടെത്തിയത്. മാങ്ങാനത്തുനിന്ന് ലഭിച്ച വിരലടയാളം, കര്‍ണാടകയില്‍നിന്ന് ഇയാളെ പിടിയിലായപ്പോള്‍ ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തൃശ്ശൂര്‍ജില്ലയില്‍ നടന്ന മോഷണത്തില്‍ ലഭിച്ച വിരലടയാളവും മാങ്ങാനത്തേതുമായി ഒത്തുചേരുന്നതായിരുന്നു. ഗുജറാത്തിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ഗുജറാത്തിലെത്തി. അവിടെ ജോലിചെയ്യുന്ന കമ്പനിക്ക് സമീപം കുടുംബമായി താമസിക്കുകയായിരുന്നു. 2016-ല്‍ കര്‍ണാടകയില്‍ സ്വര്‍ണം മോഷ്ടിച്ച കേസിലും ട്രഷറി ആക്രമിച്ച് പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പിടിയിലായിട്ടുണ്ട്. ഈ കേസില്‍ ഇയാള്‍ക്കെതിരേ വാറണ്ടും നിലവിലുണ്ട്.
2023-ല്‍ ആലപ്പുഴയിലും, കോട്ടയത്ത് മോഷണം നടന്നതിന് അടുത്തദിവസങ്ങളില്‍ തൃശ്ശൂരിലും ഇയാള്‍ മോഷണം നടത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. മാങ്ങാനം ചെമ്പകശ്ശേരിപടി ഭാഗത്തുള്ള ആയുഷ്മന്ത്ര വെല്‍നസ് ക്ലിനിക്കിന്റെ മുന്‍പിലെ വാതില്‍ തകര്‍ത്ത് ഡ്രോയില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപയും കവര്‍ന്നിരുന്നു. കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണ്. കോട്ടയം ഡിവൈഎസ്പി: കെ.ജി. അനീഷ്, ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.






