ജാതീയഅഹന്തയ്ക്കു മുകളിലൂടെ പാഞ്ഞ വില്ലുവണ്ടി; ഇന്ന് മഹാത്മാ അയ്യങ്കാളി ജയന്തി

പൊതു ഇടങ്ങള്‍ എല്ലാവരുടേതുമാണ് എന്ന സ്വാതന്ത്ര്യബോധം ഒരു അവകാശപ്രഖ്യാപനമായി കേരളം തിരിച്ചറിഞ്ഞിട്ട് ഏകദേശം ഒരു നൂറ്റാണ്ടിന് അടുത്തായി എന്ന് വേണമെങ്കില്‍ കണക്കാക്കാം. താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരുന്ന കെട്ടകാലത്ത് നിന്നും ഒരുപാട് ദൂരം സഞ്ചരിച്ചാണ് നമ്മള്‍ ഇവിടെ എത്തിനില്‍ക്കുന്നത്.
പലപ്പോഴും നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ജാതീയത പൊതുഇടങ്ങളില്‍ ഇപ്പോഴും പുളിച്ച് തികട്ടിയെത്താറുണ്ട്. എന്നാല്‍ കേരളം അതിന്റെ നവോത്ഥാന മൂല്യങ്ങളുടെ ശക്തമായ അടിത്തറയില്‍ നിന്നു കൊണ്ട് അത്തരം പിന്തിരിഞ്ഞ് നടക്കലുകളെ പ്രതിരോധിക്കാനുള്ള പ്രതലം രൂപപ്പെടുത്തിയിട്ടുണ്ട്. ജാതീയതയുടെയും സവര്‍ണ്ണ ബോധത്തിന്റെയും പാരമ്പര്യശീലങ്ങള്‍ പൊതുഇടങ്ങളില്‍ അടക്കം വേര്‍തിരിവിന്റെ മതില്‍ തീര്‍ക്കുവാനുള്ള ശ്രമം ഒളിഞ്ഞും തെളിഞ്ഞും കേരളത്തില്‍ പലപ്പോഴും തലപൊക്കാറുണ്ട്. എവിടെയൊക്കൊയോ ഇത്തരം പിന്തിരിപ്പന്‍ ബോധ്യങ്ങളുടെ തിരിച്ചുവരവിനായി ഒരുകൂട്ടര്‍ ബോധപൂര്‍വ്വം അജണ്ടകള്‍ നിശ്ചയിക്കാറുമുണ്ട്. തീവ്ര പിന്തിരിപ്പന്‍ ആശയങ്ങളെ ഭൂരിപക്ഷ വിശ്വാസത്തിന്റെ ഏകശിലയെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അവിടെയെല്ലാം പുരോഗമനപരമായ ആശയങ്ങളുടെ ദൃഢമായ പ്രതിരോധം നമുക്ക് കാണാന്‍ കഴിയാറുണ്ട്.
നവോത്ഥാന മൂല്യങ്ങളെ ഏറ്റവും പുരോഗമനപരമായി ഏറ്റെടുത്ത കേരളത്തിന്റെ സവിശേഷമായ സാമൂഹ്യബോധത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്ന കാലത്താണ് മഹാത്മ അയ്യങ്കാളിയുടെ 162-ാം ജയന്തി കടന്ന് വരുന്നത്. കേരളത്തിന്റെ മണ്ണിനെ ഉഴുതുമറിച്ച് നവോത്ഥാന മൂല്യങ്ങളുടെ വിത്തുപാകിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ആദ്യപഥികരില്‍ പ്രധാനിയായിരുന്നു അയ്യങ്കാളി. സവര്‍ണര്‍ക്ക് മാത്രം നടക്കാമായിരുന്ന വഴികളിലൂടെ അയ്യങ്കാളി പായിച്ച വില്ലുവണ്ടി അന്നത്തെ കാലത്തെ ഏറ്റവും തീക്ഷ്ണമായ സാമൂഹിക വിപ്ലവമായിരുന്നു. ദളിതര്‍ക്ക് വഴിനടക്കാന്‍ വിലക്കുണ്ടായിരുന്ന ഒരുകാലത്താണ് സവര്‍ണ്ണ മേല്‍ക്കോയ്മയെയും അക്കാലത്തെ ജന്മിതിട്ടൂരങ്ങളെയും വെല്ലുവിളിച്ച് അയ്യങ്കാളി വില്ലുവണ്ടി ഓടിച്ചത്.
ജാതീയമായ വേര്‍തിരിവിന്റെ പേരില്‍ വലിയൊരു വിഭാഗത്തിന് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന യാഥാസ്ഥിതിക ശക്തികളെ വെല്ലുവിളിക്കാന്‍ അയ്യങ്കാളി തീരുമാനിച്ചത് 1893ലായിരുന്നു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും ധീരമായ നീക്കമായിരുന്നത്. എല്ലാ ഭീഷണികളെയും എതിര്‍പ്പുകളെയും തൃണവത്ഗണിച്ചു കൊണ്ടാണ് വാടകയ്ക്കെടുത്ത വില്ലുവണ്ടിയില്‍ അവര്‍ണ്ണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അയ്യങ്കാളി നയിച്ചത്. സവര്‍ണ്ണര്‍ക്ക് മാത്രം നിശ്ചയിക്കപ്പെട്ട പൊതുവഴിയിലൂടെ അയ്യങ്കാളി സഞ്ചരിച്ചത് എതിര്‍ത്തവരെ കായികമായി ചെറുത്ത് കൊണ്ടുകൂടിയാണ്. അതിനാല്‍ തന്നെ സാമൂഹിക വിലക്കുകള്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ വിപ്ലവകരമായ നീക്കമാണ് വില്ലുവണ്ടിസമരം എന്ന നിസംശയം പറയാം.
ദളിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലത്ത് വിദ്യാഭ്യാസ അവകാശത്തിനായി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളും പുതിയ കാലത്ത് ആവര്‍ത്തിച്ച് വായിക്കേണ്ടതുണ്ട്. സവര്‍ണര്‍ അവരുടെ കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ ദളിത് വിദ്യാര്‍ത്ഥികളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരെയുള്ള അയ്യങ്കാളിയുടെ പ്രതികരണം കേരളത്തില്‍ നടന്ന വിഭ്യാഭ്യാസ അവകാശപ്പോരാട്ടങ്ങളില്‍ ഏറ്റവും തീവ്രമായതായിരുന്നു. ദളിത് വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ കുടിപ്പള്ളിക്കൂടം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് അയ്യങ്കാളി 1904ല്‍ തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി 1905ല്‍ വെങ്ങനൂരില്‍ ആദ്യത്തെ കുടിപ്പള്ളിക്കൂടം അയ്യങ്കാളി സ്ഥാപിച്ചു. വിദ്യാലയം ഉയര്‍ന്ന അന്ന് തന്നെ സവര്‍ണര്‍ അതിന് തീയിട്ടു. എന്നാല്‍ വെല്ലുവിളികളെ അതേ നാണയത്തില്‍ നേരിട്ട അയ്യങ്കാളി അത് വീണ്ടും കൊട്ടിപ്പൊക്കി.
വിദ്യാഭ്യാസ അവകാശപോരാട്ടത്തിന്റെ ഭാഗമായി വിശാലമായ അര്‍ത്ഥത്തില്‍ വര്‍ഗ്ഗപരമായി അതിനെ അഭിസംബോധന ചെയ്യാന്‍ അയ്യങ്കാളിക്ക് സാധിച്ചു എന്നത് കാണാതെ പോകാനാവില്ല. വിദ്യാഭ്യാസ അവകാശപോരാട്ടത്തിനായി കര്‍ഷക തൊഴിലാളികളുടെ സമരം പ്രഖ്യാപിച്ച അയ്യങ്കാളിയെ കേരളത്തിന്റെ സമരചരിത്രത്തിന് എങ്ങനെയാണ് മറക്കാനാവുക. അധഃസ്ഥിതരായ കര്‍ഷക തൊഴിലാളികളുടെ ആദ്യത്തെ സമരപ്രഖ്യാപനമാണ് അന്ന് അയ്യങ്കാളി നടത്തിയത്. കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ പാടത്ത് പണിചെയ്യാന്‍ തയ്യാറല്ലെന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പ്രമാണിമാരായ ജന്മിമാര്‍ ദളിതരായ തൊഴിലാളികള്‍ക്കെതിരെ മര്‍ദ്ദനം അഴിച്ചു വിട്ടു. എന്നാല്‍ ഒരുതരം അടിച്ചമര്‍ത്തലിനും വഴങ്ങാതെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നു. ഒടുവില്‍ തിരുവിതാംകൂര്‍ ദിവാന്‍ കൂടി പങ്കെടുത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്.
ഇതിന് പിന്നാലെയാണ് 1907ല്‍ വേങ്ങാനൂരില്‍ വെച്ച് അധഃസ്ഥിത വിഭാഗങ്ങളുടെ സംഘടനയായ സാധുജന പരിപാലന സംഘത്തിന് അയ്യങ്കാളി രൂപം നല്‍കിയത്. വിദ്യാഭ്യാസ പ്രവേശനമായിരുന്നു ഈ സംഘടനയുടെ രൂപികരണം ലക്ഷ്യങ്ങളില്‍ പ്രധാനം. ഈ നിലയില്‍ കേരളത്തിന്റെ പൊതുവഴികളിലും വിദ്യാലയങ്ങളിലും അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ ധീരതയോടെ പോരാടിയ വിപ്ലവകാരിയാണ് അയ്യങ്കാളി.
പാഠപുസ്തകത്തിലേയ്ക്ക് വരെ യഥാസ്ഥിതിക പിന്തിരിപ്പന്‍ ആശയങ്ങളും ചരിത്രവിരുദ്ധവും അശാസ്ത്രീയവുമായ മിത്തുകളും എത്തിനോക്കി സ്ഥാനമുറപ്പിക്കുന്ന കാലഘട്ടത്തിലൂടെ നമ്മള്‍ കടന്ന് പോകുന്നത്. അയ്യങ്കാളി ഇല്ലാക്കാന്‍ ശ്രമിച്ച സാമൂഹ്യബോധത്തെ വീണ്ടും ഒളിച്ചുകടത്തി നാടിന്റെ പൊതുബോധമാക്കി മാറ്റാനുള്ള ലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ട്. അയ്യങ്കാളി നടത്തിയ വിദ്യാഭ്യാസ അവകാശപ്പോരാട്ടത്തിന്റെ തുടര്‍ച്ച വേണ്ടതുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന വര്‍ത്തമാന കാലത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. യാഥാസ്ഥിതിക പാരമ്പര്യ ബോധ്യങ്ങളെ രാഷ്ട്രീയ പ്രത്യയശാസ്ത്ര ചൂളയില്‍ വേവിച്ചെടുത്ത് വിശ്വാസത്തിന്റെ പരിസരത്ത് നിന്ന് വിതരണം ചെയ്യുന്ന ഒരുകാലത്തെ മറികടക്കാന്‍ കരുത്താകേണ്ടത് നവോത്ഥാന ആശയങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ പലമേഖലകളിലും നവോത്ഥാന കാഴ്ചപ്പാടുകളെയും പുരോഗമന നിലപാടുകളുടെയും യഥാസ്ഥിതിക ചിന്താഗതികള്‍ കീഴ്പ്പെടുത്തി തുടങ്ങിയിരിക്കുന്ന കാലത്ത്. കേരളത്തിലും അതിന്റെ വിപുലമായ ശ്രമങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും നടന്ന് വരുന്നുണ്ട്. അതിന് ഏക തടസ്സമായി നില്‍ക്കുന്നത് അയ്യങ്കാളി അടക്കമുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ഉഴുതുമറിച്ച് വിതച്ച സാമൂഹ്യബോധങ്ങളുടെ വേരിന്റെ കരുത്താണ്.
അതിനാല്‍ കേരളത്തിന്റെ നവോത്ഥാന പുരോഗമന ഇടങ്ങളെ ആശയക്കുഴപ്പങ്ങള്‍ കൊണ്ട് ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇനി ഉണ്ടാകുക എന്ന് വ്യക്തമായി കഴിഞ്ഞു. അതിനെതിരെ കേരളീയ പൊതുസമൂഹം പുലര്‍ത്തേണ്ട ജാഗ്രത കൂടിയാണ് അയ്യങ്കാളിയുടെ ജീവിതകാലയളവ് നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത്. അയ്യങ്കാളിയുടെ വില്ലുവണ്ടി പാഞ്ഞ് സ്വതന്ത്രമായ, എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ പാകത്തിന് വിശാലമായ കേരളത്തിന്റെ പൊതുഇടങ്ങളെ അതേ സാമൂഹ്യബോധത്തോടെ നിലനിര്‍ത്തേണ്ട വെല്ലുവിളിയാണ് ഇന്ന് നാം ഏറ്റെടുക്കേണ്ടത്.






