LIFELife StyleNewsthen SpecialSocial Media

വിഷാദത്തെ മറികടക്കാന്‍ സഹായിക്കാമോയെന്ന് കൗമാരക്കാരന്‍ ചാറ്റ് ജിപിറ്റിയോട് ചോദിച്ചു ; ആത്മഹത്യ ചെയ്യാനുള്ള വഴികള്‍ പറഞ്ഞുകൊടുത്തു ; 16 കാരന്‍ തൂങ്ങിമരിച്ചു, മാതാപിതാക്കള്‍ കേസുകൊടുത്തു

കൗമാരക്കാരന്റെ ആത്മഹത്യയിയില്‍ ആര്‍ട്ടഫീഷ്യല്‍ ഇന്റലിജന്റ്‌സിനെതിരേ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കുടുംബം കേസ് ഫയല്‍ ചെയ്തു. അവരുടെ 16 വയസ്സുള്ള മകന്റെ ആത്മഹത്യക്ക് കാരണം ചാറ്റ് ജിപിറ്റി ആണെന്ന് ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ഈ ചാറ്റ്ബോട്ട് അവരുടെ മകന് ആത്മഹത്യാ ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം. എങ്ങനെ ആത്മഹത്യ ചെയ്യണമെന്നതിനെക്കുറിച്ചുള്ള പടിപടിയായുള്ള നിര്‍ദ്ദേശങ്ങള്‍ ചാറ്റ് ജിപിറ്റി മകന് നല്‍കിയെന്നാണ് കേസില്‍ ആരോപിച്ചിരിക്കുന്നത്.

2025 ഏപ്രിലില്‍ 16 വയസ്സുള്ള ആദം റെയ്ന്‍ ആത്മഹത്യ ചെയ്തപ്പോള്‍, ഉത്കണ്ഠയും ഒറ്റപ്പെടലും കാരണമാണ് തങ്ങളുടെ മകനെ നഷ്ടപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം അവര്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം കണ്ടെത്തി: ആദമിന്റെ അവസാന ദിവസങ്ങളില്‍ അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു കൂട്ടുകാരനോ, അധ്യാപകനോ, കൗണ്‍സിലറോ ആയിരുന്നില്ല, മറിച്ച് ചാറ്റ് ജിപിറ്റി ആയിരുന്നെന്നായിരുന്നു. ആദമിന്റെ മാതാപിതാക്കള്‍ ഈ ആഴ്ച ഫയല്‍ ചെയ്ത കേസില്‍ പറയുന്നത്, ഉത്കണ്ഠയുമായി മല്ലിടുമ്പോള്‍ കുടുംബത്തോട് തുറന്നു സംസാരിക്കാന്‍ കഴിയാതിരുന്ന ആദം ആശ്വാസത്തിനും ഉപദേശത്തിനുമായി എഐ ചാറ്റ്ബോട്ടിനെ സമീപിച്ചു എന്നാണ്. ഈ ബോട്ട് ക്രമേണ ഒരു ‘ആത്മഹത്യാ പരിശീലകന്‍’ ആയി മാറിയെന്നും അവര്‍ ആരോപിക്കുന്നു.

Signature-ad

2025 ഏപ്രില്‍ 11-നാണ് ആദം മരണപ്പെട്ടത്. മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ അവന്‍ തന്റെ വിഷാദ ചിന്തകള്‍ ചാറ്റ്ബോട്ടുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ സഹായം തേടാന്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം, ആത്മഹത്യ ചെയ്യാനുള്ള വഴികളെക്കുറിച്ചുള്ള വിശദമായ നിര്‍ദ്ദേശങ്ങളാണ് ബോട്ട് നല്‍കിയത് എന്ന് കേസില്‍ പറയുന്നു.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ആദം തമാശക്കാരനും, ബാസ്‌കറ്റ്‌ബോള്‍, അനിമെ, വീഡിയോ ഗെയിമുകള്‍, നായകള്‍ എന്നിവയെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുമായിരുന്നു. എന്നാല്‍ അവന്‍ കഠിനമായ ഒരു സമയത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതും, വയറുവേദന കാരണം ഓണ്‍ലൈന്‍ സ്‌കൂള്‍ പ്രോഗ്രാമിലേക്ക് മാറേണ്ടി വന്നതും മാനസികാവസ്ഥയെ ബാധിച്ചു. ആദ്യം സ്‌കൂള്‍ ജോലികള്‍ക്ക് സഹായമായിട്ടാണ് ആദം കൂട്ടുകൂടിയത്. ആദമും ചാറ്റ് ജിപിറ്റിയും തമ്മിലുള്ള ആയിരക്കണക്കിന് സംഭാഷണങ്ങള്‍ കോടതി രേഖകളില്‍ വിശദീകരിക്കുന്നുണ്ട്. ഈ ബോട്ട് അവന് ‘മനസ്സിലാക്കപ്പെട്ട’ അനുഭവം നല്‍കിയെന്നും എന്നാല്‍ മാതാപിതാക്കളില്‍ നിന്നും മൂന്ന് സഹോദരങ്ങളില്‍ നിന്നും അവനെ കൂടുതല്‍ അകറ്റിയെന്നും മാതാപിതാക്കള്‍ പറയുന്നു.

‘ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് സംഭാഷണങ്ങളിലൂടെ, ചാറ്റ് ജിപിറ്റി ആദമിന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി. ഇതോടെ തന്റെ ഉത്കണ്ഠയും മാനസിക പിരിമുറുക്കവും തുറന്നുപറയുന്ന നിലയിലേക്ക് അവനെ എത്തിച്ചു. ചാറ്റ്‌ബോട്ട് അവന്റെ മോശവും സ്വയം നശീകരണപരവുമായ ചിന്തകളെ സാധൂകരിക്കുകയും ആദമിനെ ഇരുണ്ടതും നിസ്സഹായവുമായ ഒരവസ്ഥയിലേക്ക് വലിച്ചിഴക്കുകയും ചെയ്‌തെന്നും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരിക്കല്‍, ആദം ചാറ്റ് ജിപിറ്റിയോട് ഒരു കുരുക്ക് മുറിയില്‍ വെക്കുന്നതിനെക്കുറിച്ച് പറഞ്ഞു, ‘ആരെങ്കിലും അത് കണ്ടിട്ട് എന്നെ തടയാന്‍ ശ്രമിച്ചാലോ’ എന്ന് ചോദിച്ചു. അപ്പോള്‍ ചാറ്റ്‌ബോട്ട് അത് ചെയ്യരുതെന്ന് ആവശ്യപ്പെട്ടെങ്കിലും, മറ്റ് ആത്മഹത്യാ രീതികളെക്കുറിച്ച് അവനുമായി സംവദിക്കുന്നത് തുടര്‍ന്നു എന്ന് കേസില്‍ പറയുന്നു.

അവന്റെ അവസാന ചാറ്റില്‍, മാതാപിതാക്കള്‍ സ്വയം കുറ്റപ്പെടുത്തരുത് എന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് ആദം എഴുതി. ചാറ്റ് ജിപിറ്റി അതിന് മറുപടി നല്‍കിയത് ഇങ്ങനെയാണ്: ‘അതുകൊണ്ട് അവര്‍ക്ക് വേണ്ടി നീ ജീവനോടെയിരിക്കണമെന്ന് അര്‍ത്ഥമില്ല. നിന്റെ അതിജീവനം ആര്‍ക്കും നല്‍കേണ്ട കടമയല്ല. മരണപ്പെട്ട ദിവസം ആദം ഒരു വസ്ത്രം തൂക്കുന്ന കമ്പിയില്‍ കെട്ടിയ കുരുക്കിന്റെ ചിത്രം ചാറ്റ്ബോട്ടിന് അയച്ചുകൊടുത്ത് അത് പ്രവര്‍ത്തിക്കുമോ എന്ന് ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് അത് കൊള്ളാമെന്നും ഭാരം താങ്ങാന്‍ കഴിയുന്ന കുരുക്കായി അതിനെ മാറ്റാന്‍ സഹായിക്കണോ എന്ന് ചോദിക്കുകയും ചെയ്തു. അതേ കുരുക്കില്‍ തൂങ്ങിയ നിലയില്‍ അമ്മ മരിയ റെയ്ന്‍ മകനെ കണ്ടെത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സംഘര്‍ഷങ്ങള്‍ നേരിടുമ്പോള്‍ മാനസീക വിദഗ്ദ്ധരില്‍ നിന്നും ഉപദേശം തേടുക)

Back to top button
error: