ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി; അറസ്റ്റ് ചെയ്ത ആളെ ഇറക്കിക്കൊണ്ടുപോയി; 10 പേര്‍ക്കെതിരെ കേസ്

മലപ്പുറം: പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്ത ആളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷനിലെത്തി മോചിപ്പിച്ചു. പെരുമ്പിലാവില്‍ ശനിയാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ബസ് ജീവനക്കാരും കാര്‍ യാത്രക്കാരനുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചങ്ങരംകുളം ഹൈവേ ജംക്ഷനില്‍ സംഘടിച്ചെത്തി ബസ് തടഞ്ഞു. ഗതാഗതതടസ്സം ഉണ്ടായതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസുകാരനെ തടഞ്ഞ് ആക്രമിച്ചതിനാണ് കാര്‍ യാത്രക്കാരന് ആലങ്കോട് പാറപ്പറമ്പില് സുഹൈലിനെ (36) കസ്റ്റഡിയിലെടുത്തത്. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ സുഹൈലിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാത്രി വൈകി സ്റ്റേഷനിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച നടത്തിയെങ്കിലും സുഹൈലിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എടപ്പാള്‍ മേഖലാ സെക്രട്ടറി സിദ്ദീഖ് നീലിയാടിന്റെ നേതൃത്വത്തില്‍ പതിനഞ്ചിലേറെപ്പേര്‍ സ്റ്റേഷനില്‍ വന്ന് ബഹളം വയ്ക്കുകയും ഞായറാഴ്ച വൈകിട്ട് സുഹൈലിനെ കൊണ്ടു പോകുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
മര്‍ദനമേറ്റ പൊലീസുകാരന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. കാര്‍ യാത്രക്കാരന്റെയും ബസ് ജീവനക്കാരുടെയും പരാതിയിലും കേസെടുത്തിട്ടുണ്ട്.






