Breaking NewsKeralaLead NewsNEWS

മകളുടെ മരണാനന്തരച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞു; അമ്മയ്ക്ക് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് മണ്ണുമാന്തിയന്ത്രം എത്തിച്ച്

കണ്ണൂര്‍: മകളുടെ 41ാം ചരമദിനച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞ് അമ്മ മരിച്ചു. പാനൂര്‍ മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോര്‍ത്ത് എല്‍പി സ്‌കൂളിനു സമീപം കുണ്ടന്‍ചാലില്‍ ജാനുവാണ് (85) മരിച്ചത്. മുറ്റത്തു തുണി അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്കാണു ലോറി വീണത്.

കാന്‍സര്‍ ബാധിച്ചു മരിച്ച പുഷ്പയുടെ മരണാനന്തരച്ചടങ്ങ് ഇന്നാണു നടക്കേണ്ടിയിരുന്നത്. മക്കളും കൊച്ചുമക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. വാടകസാധനങ്ങളുമായി എത്തിയ മിനിലോറി വീടിനു സമീപം തിട്ടയില്‍ നിര്‍ത്തി, സ്‌കൂട്ടര്‍ അരികിലേക്കു മാറ്റാന്‍ ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ ഉരുണ്ട് 10 മീറ്റര്‍ താഴെ മുറ്റത്തേക്കു വീഴുകയായിരുന്നു. റോഡിനോടു ചേര്‍ന്നുള്ള അലക്കുകല്ലിലേക്ക് ലോറി മുന്‍ഭാഗം കുത്തിനിന്നു. അടിയില്‍പെട്ട ജാനുവിന്റെ കൈകള്‍ മുറിഞ്ഞുവീണു. തലയ്ക്കും പരുക്കേറ്റു.

Signature-ad

മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറി മാറ്റിയാണ് ജാനുവിനെ പുറത്തെടുത്തത്. ചൊക്ലി മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കി കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാനുവിന്റെ സംസ്‌കാരം ഇന്ന് വീട്ടുപറമ്പില്‍.

ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മറ്റു മക്കള്‍: രവീന്ദ്രന്‍ (ഒമാന്‍), ശ്രീമതി, സുരേന്ദ്രന്‍, അനീഷ്. മരുമക്കള്‍: നളിനി, മുകുന്ദന്‍, ഷൈജ, അനിത, പരേതനായ സോമന്‍.

Back to top button
error: