രാഹുല്‍ ഇഫക്ട് മുതിര്‍ന്ന നേതാക്കളിലേക്കും; വി.കെ. ശ്രീകണ്ഠനെതിരായ വി.ഡി. സതീശന്റ വിമര്‍ശനത്തില്‍ അമര്‍ഷം; പാലക്കാട് നേതാക്കള്‍ കെപിസിസിയുടെ ശ്രദ്ധയില്‍ പെടുത്തും; രാഹുലിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടിരുന്നെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനെ വിമര്‍ശിച്ച വി.ഡി. സതീശനെതിരെ അമര്‍ഷം പുകയുന്നു. ‘പൊളിറ്റിക്കലി ഇന്‍കറക്റ്റ്’ അടക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശം അതിരുകടന്നെന്നാണ് ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ പക്ഷം. വിഷയം കെപിസിസിയുടെ ശ്രദ്ധയില്‍പ്പടുത്തിയേക്കും.
അര്‍ധവസ്ത്ര വിവാദത്തില്‍ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനെ തള്ളിയും രൂക്ഷമായി വിമര്‍ശിച്ചുമാണ് പാലക്കാട്ടെ നേതാക്കളുടെ അതൃപ്തിക്ക് ഇടയാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനു നേരെയുള്ള വിവാദങ്ങളില്‍ പ്രതികരിക്കവേയുണ്ടായ അധിക്ഷേപം ശ്രീകണ്ഠന്‍ വേഗത്തില്‍ തിരുത്തിയെങ്കിലും അതേ ചൊല്ലിയുള്ള അസ്വാരസ്യം ജില്ലയില്‍ തുടരുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാവും എം.പിയുമായ ശ്രീകണ്ഠനെ പറ്റി സതീശന്‍ പൊതുമധ്യത്തില്‍ ഉയര്‍ത്തിയ വിമര്‍ശനസ്വരത്തിനു ഇത്രയും കടുപ്പം വേണ്ടിയിരുന്നില്ലെന്നാണ് ആക്ഷേപം
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ശ്രീകണ്ഠന്‍ എ.ഐ.സി.സിയെ അറിയിച്ചിരുന്നതാണ്. പാര്‍ട്ടി അത് അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പിലും തുടര്‍ന്നങ്ങോട്ടും പാര്‍ട്ടിക്കൊപ്പം ശ്രീകണ്ഠന്‍ പൂര്‍ണമായി മുന്നോട്ടു പോയതാണ്. എന്നിട്ടും മുഖമടച്ചുള്ള ഈ വിമര്‍ശനം ശരിയായില്ലെന്നും അപക്വമാണെന്നുമാണ് ജില്ലയില്‍ നിന്നുള്ള മിക്ക നേതാക്കളുടെയും വികാരം. സതീശന്റെ പ്രതികരണത്തില്‍ ശ്രീകണ്ഠനും നേതാക്കളും കെ.പി.സി.സിയോട് അതൃപ്തി അറിയിക്കുമെന്നാണ് വിവരം.
രാഹുലിനെതിരായ പാര്‍ട്ടി നടപടി സസ്‌പെഷന്‍നില്‍ ഒതുക്കി തത്കാലം തടി രക്ഷിച്ചെങ്കിലും അതുയര്‍ത്തിയ പ്രതിസന്ധികള്‍ കോണ്‍ഗ്രസിനെ അത്രയെളുപ്പം വിട്ടുപോകില്ല. രാഹുല്‍ പാലക്കാട് എംഎല്‍എ ആയി തുടരുമെങ്കിലും അവിടെയുള്ള പരിപാടികളിലേക്ക് ഔദ്യോഗികമായ ക്ഷണങ്ങളൊന്നുമുണ്ടാകില്ല. രാഹുല്‍ രാജിവച്ചാല്‍ പാലക്കാട് വീണ്ടും ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങുമെന്നത് മുന്നില്‍ കണ്ടാണ് തീരുമാനം.
നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയെടുക്കും. പാലക്കാട്ട് ഇനി മല്‍സരിപ്പിക്കില്ലെന്നും അറിയിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുലിന്റെ എംഎല്‍എ സ്ഥാനം സംബന്ധിച്ച് സംസ്ഥാന നേതൃത്വമെടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
ലൈംഗികാധിക്ഷേപ ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് കൂടുതല്‍ വിശദീകരണം നല്‍കിയേക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുടെ ആരോപണങ്ങള്‍ ഇന്നലെ പ്രതിരോധിച്ചിരുന്നു. ലൈംഗിക ആക്ഷേപം ഉന്നയിക്കുന്നതിനും 20 ദിവസം മുന്‍പ് താനുമായി നടത്തിയ മുന്നറിയിപ്പ് ഫോണ്‍ സംഭാഷണം ആണ് രാഹുല്‍ പുറത്തുവിട്ടത്. അവന്തികയുടെ ഇടപെടലില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആരോപണം. ആദ്യം പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ ഇരകള്‍ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് പരസ്യമായി പരാതി പറഞ്ഞതെന്നാണ് അവന്തികയുടെ വിശദീകരണം






