Breaking NewsKeralaLead NewsNEWS

യുദ്ധഭൂമിയായി സിഎംഎസ് കോളജ്; 37 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിയന്‍ കെഎസ്യുവിന്, 15ല്‍ 14 സീറ്റും നേടി

കോട്ടയം: സിഎംഎസ് കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വന്‍ വിജയം. 15 ല്‍ 14 സീറ്റും നേടിയാണ് കെഎസ്യു വിജയിച്ചത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കെഎസ്യു യൂണിയന്‍ പിടിച്ചെടുത്തത്. വ്യാഴാഴ്ച കോളജില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്നത് പോലീസിന്റെ അഭ്യര്‍ഥന പ്രകാരം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് കെഎസ്യു – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ യൂണിയന്‍ ഇലക്ഷന്‍ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് പൊലീസിന്റെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്നാണ് രംഗം ശാന്തമാക്കിയത്.

വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകള്‍ കൂടി എത്തിയതോടെ കൂടുതല്‍ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദ് നേരിട്ട് എത്തി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ച രാത്രിയോടെയാണ് നടന്നത്. പിന്നാലെയാണ് ഫലപ്രഖ്യാപനം മാറ്റിയത്.

Signature-ad

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സിഎംഎസ് കോളജില്‍ അഞ്ചര മണിക്കൂര്‍ നീണ്ടു നിന്ന കനത്ത സംഘര്‍ഷം. വ്യാഴം വൈകിട്ട് നാലിന് ആരംഭിച്ച സംഘര്‍ഷം വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നു രാത്രി 9.40നാണ് അവസാനിച്ചത്. വോട്ടെണ്ണല്‍ അടക്കം എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഉടന്‍ പുറത്തു വിടേണ്ടെന്ന പൊലീസ് നിര്‍ദേശം ഇരു വിഭാഗവും അംഗീകരിച്ചു.

സിഎംഎസ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പതിറ്റാണ്ടു കാലത്തെ എസ്എഫ്‌ഐ മേധാവിത്വം അവസാനിപ്പിച്ച് കെഎസ്യു ഇത്തവണ വിജയിക്കുമെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. അതിനാല്‍ത്തന്നെ കോളജില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായേക്കുമെന്ന കരുതലിലായിരുന്നു ഇരു സംഘടനകളിലെ പ്രവര്‍ത്തകരും പൊലീസും. 4 തവണയാണ് തിരഞ്ഞെടുപ്പ് ഹാളില്‍ കയറാന്‍ പ്രവര്‍ത്തകര്‍ നേരിട്ട് ശ്രമിച്ചത്. തുടര്‍ന്ന് ക്യാംപസിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്യു പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. നിവൃത്തിയില്ലാതെ പൊലീസ് വ്യാപകമായി ലാത്തി ചാര്‍ജ് നടത്തി.

മറ്റ് കോളജുകളിലെ വിജയാഘോഷ പ്രകടനത്തിന് ശേഷം വൈകിട്ട് ഏഴു മണിയോടെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാംപസിന് പുറത്ത് തമ്പടിച്ചെത്തി. ഗേറ്റിന് മുന്‍പില്‍ ഇവരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ കൊലവിളി മുദ്രാവാക്യങ്ങളും അസഭ്യവര്‍ഷവും ആരംഭിച്ചു. ക്യാംപസിനുള്ളിലെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ ഇരുഭാഗത്തുനിന്നും 20 മിനിറ്റോളം ശക്തമായ കല്ലേറുണ്ടായി.

അപ്രതീക്ഷിത ആക്രമണത്തില്‍ പൊലീസും പ്രവര്‍ത്തകരും ചിതറിപ്പോയെങ്കിലും കല്ലേറ് നീണ്ടുനിന്നു. പൊലീസിന്റെ ഷീല്‍ഡുകളും ചെടിച്ചട്ടികളും കരിങ്കല്ല് കഷണങ്ങളും അസഭ്യ വര്‍ഷങ്ങള്‍ക്കൊപ്പം ഇരുഭാഗത്തേക്കും തലങ്ങും വിലങ്ങും പാഞ്ഞു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് എത്തിയ പൊലീസ് വാഹനവും സിപിഎം ജില്ലാ നേതാക്കളെത്തിയ വാഹനവും ഗേറ്റിനു പുറത്ത് യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ തടഞ്ഞു. ക്യാംപസിലേക്കുള്ള പ്രധാന റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.

 

Back to top button
error: