എതിര്‍പ്പുകള്‍ കാര്യമാക്കില്ല; ഗാസ സിറ്റി പിടിച്ചെടുക്കാന്‍ നീക്കമാരംഭിച്ചെന്ന് ഇസ്രയേല്‍ സൈനിക വക്താവ്; ഖാന് യൂനിസില്‍ ഏറ്റുമുട്ടല്‍; സിറ്റിക്കു പുറത്ത് സൈനിക വിന്യാസം; ഹമാസ് അടിയേറ്റു ചതഞ്ഞ ഗറില്ലകളെന്ന് ഐഡിഎഫ്

ടെല്‍അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ രാജ്യാന്തര തലത്തില്‍ കടുത്ത പ്രതിഷേധമുയരുമ്പോഴും യുദ്ധവുമായി മുന്നോട്ടു പോകാനുള്ള നീക്കത്തില്‍ ഇസ്രയേല്‍. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഗാസ പിടിച്ചെടുക്കാനുള്ള ആദ്യ നീക്കം തുടങ്ങിയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേലി സൈനിക വക്താവ്. ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിനാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ‘ഞങ്ങള്‍ ഗാസാ സിറ്റിയില്‍ ഹമാസിനെതിരേ രൂക്ഷമായ യുദ്ധം ആരംഭിക്കുമെന്നും ഹമാസിന്റെ ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കു’മെന്നും എഫി പറഞ്ഞു. സൈന്യം ഗാസയുടെ പുറത്ത് വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഹമാസ് ഇപ്പോള്‍തന്നെ അടിയേറ്റു ചതഞ്ഞ ഗറില്ലാ സംഘമായി മാറി. ഐഡിഎഫിന്റെ പതിനായിരക്കണക്കിനു റിസര്‍വ്ഡ് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിസര്‍വ്ഡ് സൈനികള്‍ സെപ്റ്റംബര്‍വരെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇതിനിടയില്‍ ഹമാസുമായി വെടി നിര്‍ത്തല്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിത്. ബുധനാഴ്ച ടണലില്‍നിന്നു പുറത്തുവന്ന പതിനഞ്ചോളം ഹമാസ് തീവ്രവാദികളുമായി ഇസ്രയേലി സൈന്യം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഖാന് യൂനിസില്‍ വെടിവയ്പിനൊപ്പം ആന്റി ടാങ്ക് മിസൈലുകളും ഹമാസ് വിക്ഷേപിച്ചു. ഒരു ഇസ്രയേല്‍ സൈനികനു പരിക്കേറ്റെന്നും മറ്റൊരാള്‍ക്കു നേരിയ പരിക്കുണ്ടെന്നും ഐഡിഎഫ് അറിയിച്ചു.
2023ല്‍ ആക്രമണത്തിന് ഇരയായ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഹമാസിനെയാണ് വരുതിയിലെത്തിക്കേണ്ടതെന്നു അമേരിക്കയുടെ ഇസ്രയേല്‍ അംബാസഡര്‍ മൈക്ക് ഹക്കാബി വ്യക്തമാക്കി. ഹമാസിന്റെ കണ്ണില്‍ ചോരയില്ലാത്ത ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധത്തിന് ഇടയാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയിലേക്കു ഹമാസ് എത്തിപ്പെടാത്തതില്‍ ട്രംപ് അസ്വസ്ഥനാണ്. ഹമാസ് അധികാരത്തില്‍ തുടരുന്നതിനോട് ട്രംപ് ഒരുതരത്തിലും അനുകൂലമല്ല. അവരെ നിരായുധീകരിക്കുകയാണു ട്രംപിന്റെ ലക്ഷ്യമെന്നും ഹക്കാബി പറഞ്ഞു.
അതേസമയം, ബന്ദികളുടെ ജീവനു ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടി ഇവരുടെ ബന്ധുക്കളടക്കമുള്ളവര്‍ നെതന്യാഹുവിന്റെ നീക്കങ്ങളെ അപലപിച്ചിട്ടുണ്ട്. മന്ത്രിസഭയിലുള്ള തീവ്ര വലതുപക്ഷം പൂര്‍ണമായും ഗാസ പിടിച്ചടക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സൈന്യമാകട്ടെ ബന്ദികള്‍ക്കു ഭീഷണിയാകുമെന്ന മുന്നറിയിപ്പും നല്കുന്നു. ഗാസ പിടിച്ചടക്കാന്‍ സൈന്യത്തെ അയയ്ക്കുന്നതു മറ്റൊരു ദുരന്തമാകുമെന്നാണു പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡ് മുന്നറിയിപ്പു നല്‍കുന്നത്.
ഗാസ പിടിച്ചെടുക്കണമെന്നാണു സൈന്യത്തിന്റെ നിലപാടെന്നും ഈ മേഖല കൈയില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയെ സുരക്ഷാ മേഖലയാക്കി മാറ്റും. അതിനുശേഷം അറബ് ശക്തികള്‍ക്കു കൈമാറുമെന്നും നെതന്യാഹു പറയുന്നു. ആയുധം നല്കുന്നതു നിര്‍ത്തുമെന്ന പ്രസ്താവനയില്‍ നിരാശയുണ്ടെന്ന് നെതന്യാഹു ജര്‍മന്‍ ചാന്‍സലറെയും ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്.
സൈന്യത്തിന്റെ വാദമനുസരിച്ച് ഗാസയുടെ 75 ശതമാനവും വരുതിയിലാണ്. ഗാസ സിറ്റികൂടി പിടിച്ചെടുത്താല്‍ 85 ശതമാനവും നിയന്ത്രണത്തിലാകും. ഗാസയുടെ ഹൃദയമാണ് ഗാസ സിറ്റി. ഹമാസിന്റെ ഏറ്റവും ശക്തമായ കേന്ദ്രവും ഇതാണ്. ഗാസ സിറ്റി പിടിച്ചെടുത്താല്‍ അത് യുദ്ധത്തിന്റെ ആളെ ഗതിമാറ്റുമെന്ന് റിട്ടയേഡ് ഇസ്രയേലി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ അവീവി പറഞ്ഞു. 90,000 ആളുകള്‍ ഗാസ സിറ്റിയില്‍ ജീവിക്കുന്നെന്നാണു കണക്ക്. ജര്‍മനിക്കും ബ്രിട്ടനും പുറമേ സൗദി അറേബ്യയും പാലസ്തീന് രൂപീകരണം വരെ ഇസ്രയേലുമായുള്ള ബന്ധം പുനരാരംഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബ്രിട്ടന്, കാനഡ, ഫ്രാന്‍സ് എന്നിവ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീന് രാജ്യത്തിന് അംഗീകാരം നല്‍കുമെന്നും അറിയിച്ചിരുന്നു.
രാജ്യാന്തര തലത്തില്‍ വെടിനിര്‍ത്തലിനായുള്ള ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് 22 മാസമായി തുടരുന്ന യുദ്ധത്തിന്റെ അടുത്തഘട്ടം എങ്ങനെയാകണമെന്നതില്‍ മുതിര്‍ന്ന ഉദേ്യാസ്ഥരുമായി നെതന്യാഹു ചര്‍ച്ച നടത്തിയത്. ഗാസയിലെ പട്ടിണി മരണത്തെക്കുറിച്ചു ഹമാസ് നല്കുന്ന കണക്കാണു പുറത്തുവരുന്നതെന്നാണ് ഇസ്രയേലിന്റെ വാദം. പലസ്തീനിലെ അഭയാര്‍ഥി ക്യാമ്പുകളെയും യുഎന്നിന്റെ ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതും ഹമാസിന്റെ കീഴിലുള്ള യു.എന്‍.ആര്.ഡബ്യു.എ. (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി) ആണ്.
ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്, മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ എന്നിവരുമായി ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്തത്. നെതന്യാഹുവിന്റെ ഏറ്റവും അടുത്തയാളായ സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോണ്‍ ഡെന്മറും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഹമാസുമായുള്ള നേരിട്ട് ഏറ്റുമുട്ടലിന് സൈന്യം തയാറെടുപ്പു തുടങ്ങിയത്. israel-says-it-has-taken-first-steps-military-operation-gaza-city






