Breaking NewsKeralaLead NewsNEWS

വിദേശമലയാളിയുടെ ഭാര്യയോട് അപമര്യാദ: ലോക്കല്‍ സെക്രട്ടറിയുടെ കസേര തെറിച്ചു; പരാതിക്കാരന്റെ വീടാക്രമിച്ച് പ്രതികാരം, കേസ്

പത്തനംതിട്ട: വിദേശമലയാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സിപിഎം മാറ്റി. ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വെണ്ണിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍ വര്‍ഗീസിനെതിരേയാണ് നടപടി.

ഇതിന്റെ വാശിക്ക് ഇയാളും സംഘവും ചേര്‍ന്ന് രാത്രിയില്‍ വീട് ആക്രമിച്ചെന്നുകാട്ടി വിദേശമലയാളി മറ്റൊരു പരാതി കോയിപ്രം പോലീസില്‍ നല്‍കിയിട്ടുണ്ട്. ആക്രമണസമയത്ത് പ്രായമായ അമ്മമാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. ഇതിന്മേല്‍ സുനില്‍ വര്‍ഗീസിനെതിരേ പോലീസ് കേസ് എടുത്തു.

Signature-ad

വിദേശ മലയാളിതന്നെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറിയായിരുന്ന ഉദയഭാനു എന്നിവര്‍ക്ക്, ഭാര്യയെ ശല്യംചെയ്യുന്നെന്ന് കാട്ടി നേരത്തേ പരാതി നല്‍കിയത്. നടപടിയില്ലാതായപ്പോള്‍ പരസ്യപ്രതികരണം നടത്തുമെന്ന് ഇദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.

ഇതോടെ ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള അനില്‍കുമാര്‍ കഴിഞ്ഞദിവസം വിഷയവും പരാതിയും ലോക്കല്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ടുചെയ്യുകയും നടപടിയിലേക്ക് നീങ്ങുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യുവിനാണ് പകരം ചുമതല നല്‍കിയത്. സുനിലിനെ അനുകൂലിക്കുന്നവരുടെ ബഹളത്തിനിടെയാണ് നടപടി പൂര്‍ത്തീകരിച്ചത്.

 

Back to top button
error: