KeralaNEWS

എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണു; കാര്‍ വലിച്ചുകയറ്റി ‘നല്ലവരായ നാട്ടുകാര്‍’

മലപ്പുറം: കെപിഎ മജീദ് എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണു. കരിമ്പിന്‍ കാച്ചെടിയില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാച്ചെടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെയാണ് കാര്‍ ചാലില്‍ വീണത്. മറ്റൊരു വാഹനം എത്തിച്ചാണ് കാര്‍ വലിച്ചുകയറ്റിയത്. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ യാത്രക്കാര്‍ ഈ ചാലില്‍ വീഴുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന് വശത്തെ ചാലില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്കാണ് എംഎല്‍എയുടെ കാര്‍ വീണത്. പിന്നീട് നാട്ടുകാര്‍ മറ്റൊരു വാഹനം കൊണ്ടുവന്ന് കാര്‍ വലിച്ചുകയറ്റുകയായിരുന്നു.

വിഷയത്തില്‍ പ്രതികരിക്കാന്‍ എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല. റോഡിലെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാരന്‍ നടുറോഡില്‍ കസേരയിട്ട് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മലപ്പുറത്തെ തിരൂര്‍ – ചമ്രവട്ടം സംസ്ഥാന പാതയിലാണ് നാട്ടുകാരനായ മണികണ്ഠന്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. റോഡില്‍ ചളിവെള്ളം നിറഞ്ഞ കുഴിയിലാണ് കസേരയിട്ട് പ്രതിഷേധം. ഇവിടെയിരുന്നാണ് ഇയാള്‍ ഭക്ഷണം പോലും കഴിച്ചത്.

Signature-ad

അതേസമയം, എംസി റോഡിലെ കുഴി മൂടുന്നതിനെ കുറിച്ച് പഠിക്കാന്‍ കിഫ്ബി ചീഫ് പ്രൊജക്ട് എക്‌സാമിനറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം എത്തുന്നു. കുഴി മൂടുന്നതിനു മുന്‍പ് വിശദമായ പഠനം ആവശ്യമാണെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ കിഫ്ബിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദഗ്ധ സംഘം എത്തുന്നത്.ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കുഴി സ്‌കാന്‍ ചെയ്തു പഠനം നടത്തിയ ശേഷമായിരിക്കും കുഴി മൂടുന്നതില്‍ ബുധനാഴ്ച അന്തിമ തീരുമാനത്തിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: