Breaking NewsIndiaLead NewsNEWS

കാര്‍ഷിക, ക്ഷീര വിപണിയില്‍ കൂടുതല്‍ ഇടം വേണമെന്ന യുഎസിന്റെ നിര്‍ബന്ധം: ഇന്ത്യയ്ക്ക് എതിര്‍പ്പ്, യുഎസ് സംഘത്തിന്റെ യാത്ര മാറ്റിവതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വ്യാപാര ചര്‍ച്ചകള്‍ക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചതായി റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് 25 മുതല്‍ 29 വരെ യുഎസ് സംഘം ഇന്ത്യയിലുണ്ടാകുമെന്നായിരുന്നു വിവരം. എന്നാല്‍ ഇതു റദ്ദാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കു വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ സന്ദര്‍ശനം.

ഡൊണാള്‍ഡ് ട്രംപ് മുന്‍പ് ഏര്‍പ്പെടുത്തിയ 25% തീരുവയ്ക്കു പുറമേ, റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25% ലെവി ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യ യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ണായകമാണ്. കൂടാതെ 25% അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരുമെന്നിരിക്കെ ചര്‍ച്ച നടക്കുന്ന തീയതികളും പ്രധാനപ്പെട്ടതായിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്.

Signature-ad

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിനുള്ളില്‍ വ്യാപാരക്കരാര്‍ സംബന്ധിച്ച് ധാരണയിലെത്തുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. ഇതനുസരിച്ചാണെങ്കില്‍ അടുത്ത മാസം ആദ്യം തന്നെ യുഎസ് സംഘത്തിന്റെ സന്ദര്‍ശനം ഉണ്ടാകുക. കാര്‍ഷിക, ക്ഷീര വിപണിയില്‍ കൂടുതല്‍ ഇടം വേണമെന്ന യുഎസിന്റെ നിര്‍ബന്ധമാണ് കരാറിലെ പ്രധാന തടസങ്ങളില്‍ ഒന്ന്. ചെറുകിട കര്‍ഷകരുടെ ഉപജീവന മാര്‍ഗത്തെ ബാധിക്കുന്നതിനാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ അറിയിച്ചു.

‘സ്വദേശി’ (ഇന്ത്യയില്‍ നിര്‍മിച്ചത്) ഉല്‍പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുമെന്നും വെള്ളിയാഴ്ച സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇത് ചരിത്രം കുറിക്കാനുള്ള സമയമാണെന്നും ലോകവിപണിയെ ഇന്ത്യ ഭരിക്കണമെന്നും അദ്ദേഹം ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

Back to top button
error: