‘പട്ടരേ’ എന്ന വിളി കേട്ടപ്പോള്‍ പാര്‍വ്വതിയുടെ അടുപ്പം മനസ്സിലായി; സഹോദരി ആണെന്നറിഞ്ഞപ്പോള്‍ ജയറാം തകര്‍ന്നുപോയി

ജയറാമും പാര്‍വ്വതിയും തമ്മിലുള്ള അപൂര്‍വ്വമായ പ്രണയകഥ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ‘അപരന്‍’ എന്ന തന്റെ തന്റെ ആദ്യ ചിത്രത്തില്‍ സഹോദരി വേഷത്തില്‍ എത്തുന്നത് പാര്‍വ്വതിയാണെന്ന് കേട്ടപ്പോള്‍, അന്നത്തെ പുതുമുഖനായ ജയറാം കുറച്ച് നിരാശനായി. കാരണം, അവര്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിരുന്നതിന് മുന്‍പേ തന്നെ, അന്നത്തെ സൂപ്പര്‍ ഹീറോയിനായ പാര്‍വ്വതിയോട് ജയറാമിന് ആഴത്തിലുള്ള പ്രണയം ഉണ്ടായിരുന്നു. പിന്നീട് അധികം വൈകാതെ ജയറാം വലിയ താരമായി വളര്‍ന്നതോടെ, പാര്‍വ്വതിയുടെ നായകനായി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
ജയറാമിന്റെയും പാര്‍വ്വതിയുടെയും പ്രണയം ആദ്യമൊക്കെ അതീവ രഹസ്യമായിരുന്നു. എന്നാല്‍ പതുക്കെ പതുക്കെ, ഇരുവരുടെയും സിനിമാരംഗത്തെ സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളും ഈ വിവരം മണത്തറിഞ്ഞു. പ്രശസ്ത താരങ്ങളുടെ രഹസ്യ പ്രണയം താന്‍ കണ്ടെത്തിയതിനെ കുറിച്ച് അന്തരിച്ച പ്രശസ്ത നടന്‍ ഇന്നസെന്റ് ഒരിക്കല്‍ വിവരിച്ചിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അത്.
‘ഇവര്‍ തമ്മിലുള്ള പ്രേമം എന്ന് പറയുന്നത് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഞാന്‍ അറിയുന്നത്. ആ സിനിമയില്‍ ഷൊര്‍ണ്ണൂര്‍ വച്ച് ഷൂട്ടിങ് നടക്കുമ്പോള്‍, ഞാനും ജയറാമും സെറ്റില്‍ വച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് പെട്ടെന്ന് ‘ഡോ പട്ടരേ…’ എന്നൊരു വിളി കേട്ടു. അത് കേട്ടപ്പോ ജയറാം പെട്ടെന്ന് ഇങ്ങനെ തിരിഞ്ഞു നോക്കി. ഞാനും നോക്കി. അപ്പോള്‍ മുകളിലെ ജനലിന് പിന്നില്‍ നിന്ന് ഒരാള്‍ പെട്ടെന്ന് അങ്ങോട്ട് മാറി. പാര്‍വ്വതിയായിരുന്നു അത്,’ ഒരു കുസൃതി ചിരിയോടെ ഇന്നസെന്റ് വിവരിച്ചു.
‘പിന്നെ ജയറാം തിരിഞ്ഞ് എന്നെയാണ് നോക്കിയത്. കാരണം, ഈ ‘പട്ടരേ…’ എന്നുള്ള വിളി കേട്ടിട്ടുണ്ടാകുമോ, അതോ ഇനി മനസ്സിലായിട്ടുണ്ടാവുമോ… എന്നൊക്കെയായിരിക്കണം ചിന്തകള്‍. അത് കഴിഞ്ഞിട്ട് ഞാന്‍ ജയറാമിനോട് ചോദിച്ചു, ‘നിങ്ങള്‍ തമ്മില്‍ ലവ്വ് ആണല്ലേ,’ എന്ന്. അപ്പൊ ജയറാം എന്റെ കൈയ്യില്‍ പിടിച്ചിട്ട് ‘അതെങ്ങനെ മനസ്സിലായി,’ എന്ന് ചോദിച്ചു. അപ്പോള്‍, ‘എടൊ… തന്നെ കേറി പട്ടരേ എന്ന് വിളിക്കുമ്പോള്‍ ആ ഒരു സുഖം പാര്‍വ്വതിയ്ക്ക് ഉണ്ടായിരുന്നു. അപ്പോള്‍ എനിക്ക് മനസ്സിലായി, ലവ്വ് ആണെന്ന്,’ എന്ന് ഞാന്‍ പറഞ്ഞു,’ ഇന്നസെന്റ് സിനിപ്ലസ് എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, പിന്നെയും വളരെയേറെ കടമ്പകള്‍ കടക്കേണ്ടി വന്നു, ജയറാമിനും പാര്‍വ്വതിയ്ക്കും ജീവിതത്തില്‍ ഒന്നിക്കാന്‍. നടിയുടെ അമ്മയ്ക്ക് ഈ ബന്ധത്തോട് ഉണ്ടായിരുന്ന കടുത്ത എതിര്‍പ്പായിരുന്നു അതിന് കാരണം. ആ കാലത്ത് സംവിധായകന്‍ കമല്‍ അടക്കമുള്ള പല സിനിമ സുഹൃത്തുക്കളെയാണ് ഇരുവരും ആശ്രയിച്ചിരുന്നത്. അന്നത്തെ കാലത്ത് തന്റെ ഭാര്യയുടെ അമ്മയ്ക്ക് ഏറ്റവും ദേഷ്യം കമലിനോട് ആയിരുന്നു എന്നാണ് ഒരിക്കല്‍ ജയറാം വെളിപ്പെടുത്തിയത്. ഇരുവരെയും സഹായിച്ചതിന്റെ പേരില്‍, അമ്മയില്‍ നിന്ന് കമല്‍ ഒരുപാട് വഴക്ക് കേട്ടിരുന്നു.
എന്നാല്‍, പതുക്കെ ഈ എതിര്‍പ്പുകളെല്ലാം മാറി. വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ന്, ജയറാമും പാര്‍വ്വതിയും ഏറെ സന്തോഷമുള്ള കുടുംബ ജീവിതം നയിക്കുകയാണ്. ഇരുവര്‍ക്കും കാളിദാസ്, മാളവിക എന്ന രണ്ടു മക്കളാണ് ഉള്ളത്.






