രാജ്യത്ത് ജനാധിപത്യം ധ്വംസിക്കപ്പെട്ടു; ഇന്ത്യയെന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യം ധ്വംസിക്കപ്പെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നു. ജാതി പറഞ്ഞും മതം പറഞ്ഞുമാണ് വർഗീയ ശക്തികളുടെ ശ്രമം. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷേമവും വികസനവും ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയാണ്. ഡിജിറ്റൽ സാക്ഷരത അടക്കമുള്ള നേട്ടം കൈവരിച്ച് കേരളം മുന്നേറുകയാണെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
സംസ്ഥാനതല ആഘോഷങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. 28 സേനാ വിഭാഗങ്ങൾ പരേഡിൽ പങ്കെടുത്തു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു. തലസ്ഥാനത്തെ വിവിധ സ്കൂൾ വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. മഴ മാറി നിന്ന കാലാവസ്ഥയിലായിരുന്നു തലസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ.
കൊല്ലം ആശ്രാമം മൈതാനത്ത് മന്ത്രി വി.ശിവന്‍കുട്ടി പതാക ഉയര്‍ത്തി. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി സജി ചെറിയാൻ അഭിവാദ്യം സ്വീകരിച്ചു. കൊച്ചിയിൽ ഐഎൻഎസ് വെണ്ടുരുത്തി പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പരേഡ് വൈസ് അഡ്മിറൽ വി ശ്രീനിവാസ് സ്വീകരിച്ചു. കേരള തീരത്തെ കപ്പലപകടങ്ങൾ പുതിയ വെല്ലുവിളിയായെന്നും കൂട്ടായ പരിശ്രമത്തിലൂടെ വലിയ പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോർജ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മന്ത്രി ഡോ. ആർ ബിന്ദുവും ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും പാലക്കാട് കോട്ട മൈതാനിയിൽ മന്ത്രി എം.ബി രാജേഷും ദേശീയ പതാക ഉയർത്തി. മന്ത്രി കെ.കൃഷ്ണൻകുട്ടി കാസർകോട് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി. കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തി വിവിധ പ്ലാറ്റൂണുകളുടെ സല്യൂട്ട് സ്വീകരിച്ചു. വയനാട് കല്പറ്റയില് മന്ത്രി ഒ.ആർ.കേളു പതാക ഉയർത്തി. chief-minister-pinarayi-vijayan-independence-day-message






