കന്യാസ്ത്രീ സംഭവത്തോടെ പൊതു സമൂഹത്തിനു വെളിവായത് ബിജെപിയുടെ ഇരട്ടമുഖം!! കോൺഗ്രസിൽ നിന്ന് മുഖം തിരിച്ചവർ ഒടുവിൽ ആ സത്യം തിരിച്ചറിഞ്ഞു

അടുത്തിടെയായി കേരളത്തിലെ സിപിഎം, ബിജെപി ക്യാമ്പുകൾ അസ്വസ്ഥരാണ്. ആ അസ്വസ്ഥതയ്ക്ക് പിന്നിലെ കാരണം കോൺഗ്രസ് ആണ്. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകൾ ആയി നുണപ്രചരണത്തിലൂടെയും അസത്യങ്ങളിലൂടെയും ഇരുമുന്നണികളും ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളെ കോൺഗ്രസിൽ നിന്നും അകറ്റാൻ ശ്രമിച്ചിരുന്നു.
ഇരുമുന്നണികളുടെയും അസത്യപ്രചരണങ്ങൾ ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങൾ വിശ്വസിച്ചു തുടങ്ങിയതും ആയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചത് മുതൽ ഇങ്ങോട്ട് സത്യമേതാണ് കള്ളം ഏതാണ്, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഇന്നാട്ടിലെ ക്രൈസ്തവ വിഭാഗത്തിന് കൃത്യമായി മനസിലായിരിക്കുന്നു. പഴയതുപോലെ കോൺഗ്രസിനു പിന്നിൽ ക്രൈസ്തവ വിശ്വാസികൾ ഒരു മനസ്സോടെ അണിചേർന്നാൽ തങ്ങൾ ഇതുവരെ സ്വപ്നം കണ്ട അധികാരക്കസേരകൾ എല്ലാം തങ്ങളിൽ നിന്ന് അകന്നുപോകും എന്ന യാഥാർത്ഥ്യം കേരളത്തിൽ സിപിഎം – ബിജെപി കക്ഷികളെ ഒരുപോലെ തന്നെ നിലവിൽ അലട്ടുന്നുണ്ട്.
ബിജെപിയുടെ യഥാർത്ഥ മുഖം എന്താണെന്ന് കേരളത്തിന് കൃത്യമായി തന്നെ മനസിലായിരിക്കുന്നു. തങ്ങൾക്കൊപ്പം നിന്ന ബിജെപിയുടെ ഇരട്ട മുഖം ക്രിസ്ത്യൻ സമൂഹം ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചപ്പോൾ കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞത് സഭയ്ക്ക് തിരിച്ചറിവ് ലഭിച്ചു, ബിജെപിയോടുള്ള സമീപനത്തിൽ ഇത് മാനദണ്ഡം ആയിരിക്കും എന്നാണ്. ബിജെപി എന്താണ് എന്ന് ഇവിടുത്തെ ക്രിസ്ത്യൻ സമൂഹം കൃത്യമായി മനസ്സിലാക്കി എന്ന് അടയാളപ്പെടുത്തുന്നതാണ് പിതാവിന്റെ ഈ വാക്കുകൾ.
മാത്രവുമല്ല ഒഡീഷയിൽ കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ച ബജരംഗ്ദൾ എന്ന അക്രമിക്കൂട്ടം ആക്രോശിച്ചത് ഇവിടം ഭരിക്കുന്നത് ബിജെപിയാണ് എന്ന് തന്നെയാണ്. ബിജെപിയുടെ ഭരണത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ജീവിതം എന്തായിരിക്കും എന്ന് നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങൾ കൊണ്ട് തന്നെ മനസ്സിലാക്കേണ്ടവർ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. തങ്ങൾ അണിഞ്ഞു കൊണ്ടിരുന്ന മുഖംമൂടിയിൽ ഇനിയും കേരളത്തിൽ തുടരാനാവില്ല എന്ന തിരിച്ചറിവ് മറ്റാരെക്കാളും നന്നായി ബിജെപിക്കുണ്ട്. അതുകൊണ്ടാണ് ക്രൈസ്തവ സമൂഹം ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതെ മൗനിയായി ബിജെപി നിൽക്കുന്നത്.
ഇനി സിപിഎമ്മിലേക്ക് വന്നാൽ, അവരെ അലട്ടുന്നത് ക്രൈസ്തവ വിശ്വാസികൾ കോൺഗ്രസിനെ പഴയതിനെക്കാളും കൂടുതൽ വിശ്വസിക്കാൻ തുടങ്ങിയതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് മേൽക്കൈ സമ്മാനിച്ച മധ്യകേരളത്തിൽ ഇത്തവണ തങ്ങൾക്ക് നിലം തൊടാൻ പോലും ആവില്ലെന്ന് സിപിഎമ്മിനും ബോധ്യപ്പെട്ടിട്ടുണ്ട്. എന്തൊക്കെ പറഞ്ഞ് ഈ സാഹചര്യത്തിന് മാറ്റം കൊണ്ടുവരാൻ ശ്രമിച്ചാലും അത് വിലപ്പോകുകയില്ല എന്ന തിരിച്ചറിവും സിപിഎമ്മിനുണ്ട്. കോൺഗ്രസിന് ക്രിസ്ത്യൻ സമൂഹത്തോടും മതേതര ഇന്ത്യയോടുമുള്ള ആത്മാർത്ഥത ഈ നാട് അനുഭവിച്ചറിഞ്ഞു എന്ന കാരണം തന്നെയാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിനായി മുമ്പിൽ നിന്നതും, പോരാട്ടം നയിച്ചതും കോൺഗ്രസ്സാണ് എന്ന് ഈനാട് മുഴുവൻ കണ്ടതാണ്. ന്യൂനപക്ഷങ്ങളെ സംഘപരിവാർ വേട്ടയാടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താനും, അതിനെ ചോദ്യം ചെയ്യാനും കരുത്തും ആർജ്ജവവുമുള്ള ഏക രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ നമുക്ക് ബോധ്യപ്പെട്ടതാണ്. കേരളത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ ഇന്ത്യൻ പാർലമെന്റിന് മുന്നിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകളുടെ മോചനത്തിനായി വലിയ പ്രതിഷേധങ്ങൾ ഉയർന്നു.
ഈ വിഷയത്തിലെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം ഈ രാജ്യം തന്നെ കേൾക്കുന്ന വിധത്തിൽ ആയിരുന്നു. അതോടൊപ്പം ഛത്തീസ്ഗഡിൽ കോൺഗ്രസ് പ്രദേശ് കമ്മറ്റിയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകളുടെ മോചനത്തിനായി വലിയ ഇടപെടലുകൾ നടന്നു. ഇതിനെല്ലാം നേരിട്ട് സാക്ഷിയായ ക്രൈസ്തവ വിശ്വാസി കോൺഗ്രസിനെ അല്ലാതെ മറ്റ് ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് ചോദിച്ചാൽ നൽകാൻ ഒരു ഉത്തരവും ബിജെപിയുടേയും സിപിഎമ്മിൻ്റെയും പക്കൽ ഇല്ല. ജാമ്യം കിട്ടിയ നിമിഷം റോജി ജോൺ എംഎൽഎയെ കെട്ടിപ്പിടിച്ചുകൊണ്ട് കന്യാസ്ത്രീയുടെ സഹോദരൻ കേരളത്തോട് പറഞ്ഞത് ഇദ്ദേഹം എംഎൽഎ അല്ല എന്റെ സഹോദരനാണ് എന്നാണ്. കോൺഗ്രസ് ഈ വിഷയത്തിൽ കാട്ടിയ ആത്മാർത്ഥതയെ അടയാളപ്പെടുത്തുവാൻ ആ വാക്കുകളെക്കാൾ മികച്ച ഒരു അളവുകോലുമില്ല. തങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ സ്വന്തം വീട്ടിലെ പ്രശ്നമായി കണ്ട് ഒപ്പം നിൽക്കുന്ന, നീതിക്കുവേണ്ടി പോരാട്ടം നയിക്കുന്ന ഒരു പ്രസ്ഥാനത്തെ അല്ലാതെ മറ്റ് ആരെയാണ് ഈ ജനത ചേർത്ത് പിടിക്കുക ?
പലപ്പോഴായി ക്രൈസ്തവ സമൂഹത്തെ മോശക്കാരാക്കി വെള്ളാപ്പള്ളി നടേശൻ പ്രസംഗിച്ചപ്പോഴൊക്കെയും സിപിഎം മൗനത്തിൽ ആയിരുന്നു. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളിൽ പ്രതികരിച്ചതും പ്രതിഷേധിച്ചതും കോൺഗ്രസ് മാത്രമായിരുന്നു. ഇത്തരത്തിൽ വെറുപ്പ് മാത്രം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെ ചേർത്തുപിടിക്കുന്ന സിപിഎമ്മിനോടും സർക്കാരിനോടും ക്രൈസ്തവ സമൂഹത്തിന് അകൽച്ച തോന്നുക എന്നത് വളരെ സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്.
ഒരു ഭാഗത്ത് ന്യൂനപക്ഷ വേട്ടയ്ക്കെതിരെ പ്രതിഷേധിക്കുന്ന, ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസ്. മറുവശത്ത് അധികാരമുള്ളിടത്തെല്ലാം ക്രൈസ്തവരെ വേട്ടയാടുന്ന ബിജെപിയും വോട്ടുബാങ്ക് മാത്രം ലക്ഷ്യം കണ്ടു ക്രൈസ്തവ വിഭാഗത്തോട് സ്നേഹം കാണിക്കുന്ന സിപിഎമ്മും. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരിക്കലും ക്രൈസ്തവ സമൂഹം താങ്കൾക്ക് ഒപ്പം നിൽക്കില്ല എന്ന തിരിച്ചറിവ് എൽഡിഎഫ്, എൻഡിഎ മുന്നണികൾക്ക് ഇതിനോടകം തന്നെ വന്നു കഴിഞ്ഞിട്ടുണ്ട്. അതിനൊപ്പം വഖഫ് വിഷയത്തിലെ കേന്ദ്ര- കേരള സർക്കാരുകളുടെ ഒളിച്ചുകളിയും കൂടി ക്രൈസ്ത വിഭാഗങ്ങൾക്കിടയിൽ ചർച്ച ആവുന്ന സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് സിപിഎമ്മും ബിജെപിയും.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒടുവിലെങ്കിലും സത്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു എന്ന ആശ്വാസമാണ്. കേരളത്തിന്റെ ബോർഡർ കഴിഞ്ഞാൽ ബിജെപി എന്താണ് എന്നും ന്യൂനപക്ഷങ്ങളോടുള്ള അവരുടെ സമീപനം എന്താണെന്ന് എന്നും കേരളത്തിന് ബോധ്യപ്പെടുത്തി കൊടുക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ഛത്തീസ്ഗഡ് ബിജെപി കന്യാസ്ത്രീ വിഷയത്തിൽ കോൺഗ്രസിനെതിരെ വർഗീയ കാർട്ടൂണുകൾ പ്രചരിപ്പിച്ചപ്പോൾ പോലും തങ്ങളുടെ പോരാട്ടത്തിൽ നിന്ന് ഒരടി പിന്മാറാതെ നീതിയുടെ പക്ഷത്തുനിന്ന കോൺഗ്രസിന്റെ നിലപാട് പ്രശംസനീയമാണ്.
നിലപാടിൽ വെള്ളം ചേർക്കാതെ സത്യത്തിന്റെ പക്ഷത്ത് നിലകൊണ്ടു എന്നത് തന്നെയാണ് ഈ വിഷയത്തിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ വിജയം. ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിന് കെ.സി. വേണുഗോപാലും കോൺഗ്രസും നടത്തിയ ഇടപെടലുകൾക്ക് വൈകാരികമായി നന്ദി പറയുന്ന ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് കോൺവെന്റിലെ സിസ്റ്ററുടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായ വാക്കുകൾ അത് അടയാളപ്പെടുത്തുന്നതാണ്.
തദ്ദേശ തെരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തിൽ തങ്ങളുടെ യഥാർത്ഥ മുഖങ്ങൾ വെളിച്ചത്തായി എന്ന അങ്കലാപ്പിൽ സിപിഎമ്മിനും ബിജെപിക്കും ഇരിക്കപ്പൊറുതി കിട്ടുന്നില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം. വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയമല്ല നിലപാടുള്ള, നീതിക്കുവേണ്ടിയുള്ള രാഷ്ട്രീയമാണ് വേണ്ടത് എന്ന് അടയാളപ്പെടുത്തിയ കോൺഗ്രസിനെ കേരള സമൂഹവും ക്രൈസ്തവ വിഭാഗവും ചേർത്തുപിടിക്കുമ്പോൾ അതിൽ മതേതര കേരളത്തിന് ആശ്വസിക്കാനുള്ള വകയുണ്ട്.






