Breaking NewsCrimeLead NewsNEWS

അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കി; കഴുത്തില്‍ കത്തിവച്ച് കഞ്ചാവ് വലിപ്പിച്ചു, ലഹരി കടത്തിനും ഉപയോഗിച്ചു! 14വയസ്സുകാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം

കൊച്ചി: പതിനാല് വയസ്സുകാരനെ അമ്മൂമ്മയുടെ കാമുകന്‍ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവില്‍ പോയി. പൊലീസില്‍ പരാതിപ്പെട്ടാല്‍ തന്നെയും അമ്മയേയും കൊലപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയായ കാമുകന്‍ ഭീഷണിപ്പെടുത്തിയെന്നു കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലൂടെ കുട്ടിയുടെ ലഹരി ഉപയോഗം മാറ്റിയെടുത്ത ശേഷം കൗണ്‍സലിങ് അടക്കം നടത്തുകയാണ് ഇപ്പോള്‍.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കിയത്. വീട്ടുജോലി ചെയ്തു ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. ഇതിനിടെയാണ് അമ്മൂമ്മ തന്റെ സുഹൃത്ത് എന്ന പേരില്‍ കാമുകനെ വീട്ടില്‍ താമസിപ്പിച്ചത്. ഇയാള്‍ കുട്ടിക്ക് കഞ്ചാവ് കൊടുത്തുതുടങ്ങി. തുടക്കത്തില്‍ കുട്ടി ഇതിനു വഴങ്ങിയില്ലെങ്കിലും മര്‍ദിച്ചും കത്തി കഴുത്തില്‍ വച്ചും തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ചു എന്നു കുട്ടി പറയുന്നു. ഇയാള്‍ ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇയാളുടെ ആണ്‍, പെണ്‍ സുഹൃത്തുക്കളും ഇടയ്ക്ക് വീട്ടില്‍ വരുമെന്നും എല്ലാവരും ചേര്‍ന്ന് ലഹരി ഉപയോഗിക്കുമെന്നുമാണ് കുട്ടി പറയുന്നത്.

Signature-ad

ലഹരി കടത്താനും ആവശ്യക്കാര്‍ക്ക് എത്തിക്കാനും തന്നെ ഉപയോഗിച്ചിരുന്നു എന്നും പതിനാല് വയസ്സുകാരന്‍ പറയുന്നു. എതിര്‍ത്താല്‍ ഭീഷണിയും മര്‍ദനവുമുണ്ടാകും. സഹിക്കാവുന്ന പരിധി കടന്നപ്പോള്‍ സ്‌കൂളിലെ സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്തിന്റെ അമ്മയാണ് ഇക്കാര്യം പതിനാല് വയസ്സുകാരന്റെ അമ്മയെ അറിയിക്കുന്നത്. വിവരം അറിഞ്ഞപ്പോള്‍ താന്‍ നിസ്സഹായയായിപ്പോയെന്ന് അമ്മ പറയുന്നു. തന്നെയും മകനേയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ പറഞ്ഞതോടെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്ന് അമ്മ പറയുന്നു. പിന്നീട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

കുട്ടി വീട്ടില്‍ ദേഷ്യം പ്രകടിപ്പിച്ചിരുന്നെന്നും സാധനങ്ങള്‍ വലിച്ചെറിയുമായിരുന്നെന്നും അമ്മ പറയുന്നു. എന്നാല്‍ എന്താണ് കാരണമെന്ന് അറിഞ്ഞിരുന്നില്ല. ലഹരി ഉപയോഗിച്ചതാണ് കാരണമെന്ന് പിന്നീട് മനസ്സിലായി. കുട്ടിയെ ലഹരി മുക്തിക്കായുള്ള ചികിത്സയ്ക്കു വിധേയനാക്കി. കൗണ്‍സലിങ്ങും നടത്തുന്നതായി അമ്മ പറഞ്ഞു. പൊലീസ് വിളിപ്പിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവില്‍ പോവുകയായിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Back to top button
error: