‘വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല’; ആവര്‍ത്തിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പര സമ്മതത്തോടെ നടന്ന ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ബലാത്സംഗം നടന്നതായി ഫൊറന്‍സിക് തെളിവുകളില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പതിനഞ്ച് വയസുണ്ടായിരുന്ന കാലത്താണ് പെണ്‍കുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരിക ബന്ധം ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയായ ശേഷമാണ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്‍കുകയായിരുന്നു.
വിവാഹ വാഗ്ദാനം ഉണ്ടായിരുന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരിക ബന്ധം നടന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് യുവാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.






