Breaking NewsKeralaLead NewsNEWS

പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി ഷാനവാസിന്റെ മടക്കം

തിരുവനന്തപുരം: പ്രശസ്തനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ അരങ്ങേറ്റം നായകനായിട്ടായിരുന്നു. 1981 ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയില്‍ യുവനായകനായി സിനിമയില്‍ തുടക്കം കുറിച്ചു. അംബികയായിരുന്നു ചിത്രത്തിലെ നായിക. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഷാനവാസിന്റെ സിനിമാ അരങ്ങേറ്റം.

ഈ സിനിമയിലെ ‘നീ നിറയൂ ജീവനില്‍ പുളകമായ്’, സ്വപ്നം….വെറുമൊരു സ്വപ്നം, കളകളമൊഴി പ്രഭാതമായ്’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. പിന്നീട് 25 ഓളം സിനിമകളില്‍ ഷാനവാസ് നായകനായി വേഷമിട്ടു. ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനും സഹനടനായും രംഗത്തെത്തി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Signature-ad

പ്രേംനസീറിനും സഹോദരന്‍ പ്രേംനവാസിനും ശേഷം സിനിമയിലേക്ക് എത്തിയ ഷാനവാസ് പ്രത്യേകമായ തന്റെ ശൈലി കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. അച്ഛന്‍ പ്രേംനസീറിനൊപ്പം ഇവന്‍ ഒരു സിംഹം എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഏഴു സിനിമകളില്‍ അച്ഛനും മകനും ഒന്നിച്ചഭിനയിച്ചു. 1989ല്‍ നസീറിന്റെ മരണശേഷവും അഭിനയം തുടര്‍ന്നെങ്കിലും വേഷങ്ങളില്‍ ആവര്‍ത്തനവിരസതയുണ്ടായപ്പോള്‍ സിനിമാരംഗം വിട്ടു. പിന്നീട് ഗള്‍ഫില്‍ ഷിപ്പിങ് കമ്പനിയില്‍ മാനേജരായി ജോലി നോക്കി.

കുറേക്കാലം മലേഷ്യയിലായിരുന്നു താമസം. പിന്നീട് തിരുവനന്തപുരം വഴുതക്കാട് ഫ്ലാറ്റിലേക്ക് താമസം മാറി. 2011ല്‍ ചൈനാ ടൗണ്‍ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാര്‍, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യണണെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാനവാസ് വിടവാങ്ങിയത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 11.50ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടന്‍ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ചെന്നൈ ന്യൂ കോളജില്‍നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്. ഷാനവാസിന്റെ സംസ്‌കാരം ഇന്നു വൈകീട്ട് 5ന് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. പ്രേനസീറിന്റെ മൂത്ത സഹോദരിയുടെ മകള്‍ ആയിഷയാണ് ഭാര്യ. അജിത് ഖാന്‍, ഷമീര്‍ ഖാന്‍ എന്നിവരാണ് മക്കള്‍.

 

 

Back to top button
error: