വ്യാപാരിയുടെ മരണം കൊലപാതകം; ഭാര്യയും ഒന്‍പതാംക്ലാസുകാരിയായ മകളും രണ്ട് ആണ്‍കുട്ടികളും അറസ്റ്റില്‍

ഗുവാഹാട്ടി: അസം ദിബ്രുഘട്ടിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭാര്യയെയും ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ മകളെയും രണ്ട് ആണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തു. അസമിലെ ജാമിറ സ്വദേശി ഉത്തരം ഗൊഗോയി(38)യുടെ മരണമാണ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉത്തം ഗൊഗോയിയുടെ ഭാര്യ ബോബി സോനോവാല്‍ ഗൊഗോയിയെയും മകളെയും രണ്ട് ആണ്‍കുട്ടികളെയുമാണ് സംഭവത്തില്‍ പോലീസ് പിടികൂടിയത്.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും മകള്‍ കുറ്റംസമ്മതിച്ചതായും ദിബ്രുഘട്ട് പോലീസ് സൂപ്രണ്ട് രാകേഷ് റെഡ്ഡിയും മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അതേസമയം, കൊലപാതകത്തിന്റെ യഥാര്‍ഥകാരണം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും ഗൊഗോയിയെ കൊലപ്പെടുത്താനായി ഭാര്യയും മകളും നേരത്തേതന്നെ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ 25-നാണ് ഉത്തം ഗൊഗോയിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പക്ഷാഘാതം കാരണം മരണം സംഭവിച്ചെന്നായിരുന്നു ഭാര്യയും മകളും ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉത്തമിന്റെ സഹോദരന് മൃതദേഹം കണ്ടപ്പോള്‍ത്തന്നെ ചില സംശയങ്ങളുണ്ടായി. ഉത്തമിന്റെ ചെവി മുറിഞ്ഞനിലയിലായിരുന്നു. സമീപത്തായി ഒരു കുട തുറന്നുവെച്ച നിലയിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് സഹോദരന്‍ തിരക്കിയപ്പോള്‍ വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നതായി സംശയമുണ്ടെന്നായിരുന്നു ബോബിയുടെ മറുപടി. ഇതോടെ ബന്ധുക്കള്‍ക്ക് സംശയം ബലപ്പെട്ടു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
പ്രതികളായ രണ്ട് ആണ്‍കുട്ടികളെയും ബോബിക്കും മകള്‍ക്കും നേരത്തേതന്നെ പരിചയമുണ്ടായിരുന്നതായാണ് പോലീസ് കരുതുന്നത്. ഇതിലൊരാള്‍ മകളുമായി അടുപ്പത്തിലാണെന്നും സംശയിക്കുന്നു. ഉത്തമിനെ കൊലപ്പെടുത്താനായി ഭാര്യയും മകളും ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തതാണെന്നാണ് സൂചന. അതേസമയം, എന്താണ് കൊലപാതകത്തിന്റെ യഥാര്‍ഥ കാരണമെന്നത് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.






