‘യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും എല്ലാവര്ക്കും പകര്‍ന്ന് നല്കി മെച്ചപ്പെട്ട ലോകം പടുത്തുയര്‍ത്തൂ’: യുവജനങ്ങളോട് ആഹ്വാനവുമായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും ലോകത്തിലെ എല്ലാവര്ക്കും പകര്‍ന്ന് നല്കി മെച്ചപ്പെട്ട ലോകം പടുത്തുയര്‍ത്താന്‍ യുവജനതയോട് അഭ്യര്‍ഥിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. സൗഹൃദത്തിന് ലോകത്തെ മാറ്റാനാവും. സൗഹൃദമാണ് സമാധാനത്തിന്റെ പാതയെന്നും മാര്‍പാപ്പ വ്യക്തമാക്കി.
സുവിശേഷത്തിന്റെ സന്ദേശവാഹകരായി നീതിയുടെയും സമാധാനത്തിന്റെയും സാക്ഷികളാകുന്ന മിഷനറിമാരെയാണ് ഇന്ന് ലോകത്തിന് ആവശ്യം മഹാജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളന സമാപന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഗാസയിലും ഉക്രെയ്നിലും യുദ്ധം തുടരുന്നതിനെ മാര്‍പാപ്പ അപലപിച്ചു. സഭ ഗാസയിലെയും ഉക്രെയ്നിലെയും ജനങ്ങള്‍ക്കൊപ്പമാണെന്നും ആയുധങ്ങള്‍ കൊണ്ടല്ല സൗഹൃദം കൊണ്ടാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എവിടെയായിരുന്നാലും വിശുദ്ധിക്കായി, മഹത്തായ കാര്യങ്ങള്‍ക്കായി പരിശ്രമിക്കണമെന്നും 150 രാജ്യങ്ങളില്‍ നിന്നെത്തിയ 10 ലക്ഷത്തോളം യുവാക്കളുടെ സംഗമത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഏഴായിരം വൈദികരും 450 മെത്രാന്മാരും സമ്മേളനത്തില്‍ പങ്കെടുത്തു. റോമിന് പുറത്തെ ടോര്‍ വെര്‍ഗാത്ത മൈതാനത്ത് ആയിരുന്നു സമ്മേളനം. 2000 ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത ലോക യുവജന സമ്മേളനം നടന്നതും ഇവിടെയാണ്.






