റഷ്യക്കു സമീപത്തേക്ക് രണ്ട് ആണവ അന്തര്‍ വാഹിനികള്‍ അയച്ചെന്നു ട്രംപ്; റഷ്യന്‍ മുന്‍ പ്രസിഡന്റിന്റെ ഭീഷണിക്കു മറുപടിയായി സോഷ്യല്‍ മീഡിയയില്‍ യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ പുടിന്

ന്യൂയോര്‍ക്ക്: മുന്‍ പ്രസിഡന്റിന്റെ ഭീഷണിക്കു പിന്നാലെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ റഷ്യക്കു സമീപത്തേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ഇടഞ്ഞു നില്ക്കുന്ന ട്രംപിന്റെ പുതിയ നീക്കം ആശങ്കയോടെയാണു ലോകം വീക്ഷിക്കുന്നത്.
സൈനിക നീക്കങ്ങളെക്കുറിച്ചു പെന്റഗണ്‍ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന രഹസ്യാത്മകതയ്ക്കു വിരുദ്ധമായിട്ടാണ് ട്രംപിന്റെ പ്രസ്താവന. മുന്‍ റഷ്യന്‍ പ്രസിഡന്റും സുരക്ഷാ കൗണ്‍സിലിന്റെ ചെയര്‍മാനുമായ ദിമിത്രി മെദ്വദേവുമായുള്ള വാക്കു തര്‍ക്കത്തിനു പിന്നാലെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. യുക്രൈന് യുദ്ധത്തില്‍ ട്രംപിന്റെ നിലപാടുകള്‍ മയപ്പെടുത്തണമെന്നും ന്യൂക്ലിയര്‍ ആയുധങ്ങള്‍ റഷ്യക്കുണ്ടെന്നു മറക്കരുതെന്നുമായിരുന്നു മെദ്വദേവിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെ ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍.
യുക്രൈനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനായി റഷ്യന്‍ പ്രസിഡന്റിനുമേല്‍ കുറച്ചു കാലമായി അതീവ സമ്മര്‍ദം ചെലുത്തുകയാണു ട്രംപ്. എന്നാല്‍, ഇതു പരിഗണിക്കുന്നതിനു പകരം ആക്രമണം കടുപ്പിക്കുകയാണു റഷ്യ ചെയ്യുന്നത്. വെടി നിര്‍ത്തലിനായി പത്തു ദിവസത്തെ സമയമാണു ട്രംപ് നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ ഇന്ത്യയും ചൈനയുമടക്കമുള്ള റഷ്യയുടെ വ്യാപാര പങ്കാളികള്‍ക്കു കനത്ത നികുതി ചുമത്തുമെന്നും വ്യക്തമാക്കി. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് ട്രംപ് ഇന്ത്യയോടു നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഏത് അന്തര്‍ വാഹിനിയാണു റഷ്യക്കു സമീപത്തേക്ക് അയച്ചതെന്നും ഇത് ആണവവാഹിനിയാണോ എന്നതിലും പെന്റഗണ്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. ഇത്തരം നീക്കങ്ങള്‍ സാധാരണഗതിയില്‍ അതീവ രഹസ്യമായി നിലനിര്‍ത്തുന്നതാണ് അമേരിക്കന്‍ സൈന്യം ചെയ്യുന്നത്. ഇതിനു മുമ്പ് 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി ഘട്ടത്തിലും 1972ലെ യോം കിപ്പൂര്‍ വാര് സമയത്തുമാണ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ പരസ്യമായ ആണവ ഭീഷണി മുഴക്കിയിട്ടുള്ളത്. trump-moves-nuclear-weapons-towards-russia






