വീണ്ടും പട്ടിണി മരണം: ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രം സന്ദര്‍ശിച്ച് യുഎസ് പ്രതിനിധി സംഘം; സഹായവിതരണ സംവിധാനം മെച്ചപ്പെടുത്തും

ജറുസലം: റഫയിലെ ഭക്ഷണവിതരണ കേന്ദ്രം സന്ദര്‍ശിച്ച് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ഗാസയില്‍ പട്ടിണി മരണം പടരുന്നതിനിടെ, ഇസ്രയേല്‍ നിയോഗിച്ച കരാറുകാരായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) നടത്തുന്ന കേന്ദ്രമാണ് ട്രംപിന്റെ പ്രതിനിധി സന്ദര്‍ഷിച്ചത്.
സഹായവിതരണ സംവിധാനം മെച്ചപ്പെടുത്താനാണ് സന്ദര്‍ശനമെന്ന് വിറ്റ്‌കോഫ് പറഞ്ഞു.
ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബീയും ഒപ്പമുണ്ടായിരുന്നു. സംഘര്‍ഷം ആരംഭിച്ച ശേഷം ഗാസ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് ഉന്നത ഉദ്യോഗസ്ഥനാണ് സ്റ്റീവ് വിറ്റ്‌കോഫ്. യുഎസ് സംഘം മടങ്ങിയതിന് പിന്നാലെ, റഫയിലെ ജിഎച്ച്എഫിന്റെ കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 3 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഭക്ഷണകേന്ദ്രങ്ങളില്‍ 3 മാസത്തിനിടെ 1383 പലസ്തീന്‍കാരാണ് വെടിയേറ്റ് മരിച്ചത്. 9218 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതിനിടെ, ഇന്നലെ 2 കുഞ്ഞുങ്ങളും ഒരു യുവാവും പട്ടിണിമൂലം മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ഗാസയിലെ പട്ടിണിമരണം 89 കുട്ടികളടക്കം 154 ആയി. കടുത്ത പോഷകാഹാരക്കുറവു നേരിടുന്ന കുട്ടികളെ കണ്ടെത്താനായി ഇന്റര്‍നാഷനല്‍ മെഡിക്കല്‍ കോര്‍ (ഐഎംസി) 5 വയസ്സില്‍ താഴെയുള്ള 2 ലക്ഷത്തോളം കുട്ടികളില്‍ പരിശോധന നടത്തും.






