Breaking NewsBusinessIndiaLead NewsNEWSNewsthen SpecialpoliticsTRENDINGWorld

അമേരിക്കന്‍ വിലക്കില്‍ പണികിട്ടി തുടങ്ങിയോ? റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു വന്ന മൂന്ന് എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടു; റിലയന്‍സിനും ഭാരത് പെട്രോളിയത്തിനും തിരിച്ചടി; പുറപ്പെടാനിരിക്കുന്ന രണ്ടു കപ്പലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെയും വിലക്ക്; പെട്രോള്‍ വില ഉയരുമെന്ന ആശങ്ക

ന്യൂഡല്‍ഹി/മോസ്‌കോ: അമേരിക്കന്‍ വിലക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ലക്ഷ്യമിട്ട് എത്തിയ മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ എണ്ണയുടെ വ്യാപാരം നടത്തിയിരുന്ന ഇറാന്‍ ബന്ധമുള്ള 115 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഈയാഴ്ചയാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ പരിധിയില്‍ ഉള്‍പെട്ട കപ്പലുകളാണു വഴിമാറിയതെന്ന് ഇതുമായി ബന്ധപ്പെട്ട സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ, റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നതില്‍നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രൈനുമായി സമാധാനക്കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യക്കു നൂറു ശതമാനം നികുതി ചുമത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു.

Signature-ad

അഫ്രാമാക്‌സസ് ടാഗോര്‍, ഗ്വാന്‍യിന്‍, സ്യൂസ്മാക്‌സ് ടസോസ് എന്നീ കപ്പലുകളാണ് റഷ്യന്‍ എണ്ണയുമായി പുറപ്പെട്ടത്. ഈമാസം ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെന്നായിരുന്നു വിവരം. ഈ മൂന്നു കപ്പലുകളും അമേരിക്കന്‍ ഉപരോധത്തില്‍ ഉള്‍പ്പെട്ടതാണ്. ചെന്നൈ തുറമുഖം ലക്ഷ്യമിട്ടാണ് ടാഗോര്‍ പുറപ്പെട്ടത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ടാണു മറ്റു രണ്ടു കപ്പലുകളും പുറപ്പെട്ടതെന്നു ട്രേഡ് സോഴ്‌സുകളും റഷ്യന്‍ തുറമുഖ ഡാറ്റകളും വ്യക്തമാക്കുന്നു.

എണ്ണ വ്യാപാരത്തിലൂടെ റഷ്യക്കു കിട്ടുന്ന വരുമാനം ഇല്ലാതാക്കുകയാണ് കര്‍ശനമായ നിയന്ത്രണത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഇതു യുക്രൈനില്‍ ചോരപ്പുഴ ഒഴുക്കുന്നതിനുള്ള പണമാണെന്നായിരുന്നു ട്രംപിന്റെ വാദം. ഇന്ത്യക്ക് ആവശ്യമുള്ള എണ്ണയുടെ മൂന്നിലൊന്നില്‍ കൂടുതലും വാങ്ങുന്നത് റഷ്യയില്‍നിന്നാണ്. അമേരിക്കന്‍ നിയന്ത്രം ചുളുവിലയ്ക്ക് എണ്ണ ലഭിക്കുന്ന ഇന്ത്യയെ സാരമായി ബാധിക്കുമെന്നും കരുതുന്നു.

ടാഗോര്‍ നിലവില്‍ ചൈനയിലെ ദാലിയന്‍ ലക്ഷ്യമിട്ടാണു നീങ്ങുന്നത്. ടസോസ് ഈജിപ്റ്റിലെ പോര്‍ട്ട് സെയ്ദും ലക്ഷ്യമിടുന്നെന്നാണു വിവരം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരത് പെട്രോളിയം എന്നിവ ഉപയോഗിക്കുന്ന സിക്കയിലെ പോര്‍ട്ടായിരുന്നു ഗ്വാന്‍യിന്‍ എന്ന കപ്പലിന്റെ ലക്ഷ്യം. മുമ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ടാഗോര്‍ എണ്ണ നല്‍കിയിട്ടുണ്ട്. എന്നാല്‍, ബിപിസിഎല്‍ തങ്ങളുടെ ഇ-മെയിലിനോടു പ്രതികരിച്ചിട്ടില്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പനാമയുടെ പതാക വഹിക്കുന്ന ടസോസ്, ടാഗോര്‍ എന്നീ കപ്പലുകള്‍ സുലു ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ്. സില്‍വര്‍ ടെട്രാ മറൈനിന്റെ ഉടമസ്ഥതയിലുള്ള ഗ്വാന്‍യിന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ രണ്ടു കമ്പനികള്‍ക്കും അമേരിക്കന്‍ വിലക്കു നിലനില്‍ക്കുന്നു. എന്നാല്‍, ഗ്വാന്‍യിന്‍, ടസോസ് എന്നിവ തങ്ങള്‍ക്കുള്ള എണ്ണ വഹിക്കുന്നതല്ലെന്നാണു റിലയന്‍സിന്റെ നിലപാട്. എന്നാല്‍, നേരത്തേ ഗ്വാന്‍യിനില്‍നിന്ന് റിലയന്‍സ് എണ്ണ ഇറക്കിയിട്ടുണ്ട്.

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വിലക്കിയിട്ടുള്ള അച്ചില്ലെസ്, എലൈറ്റ് എന്നീ രണ്ടു കപ്പലുകള്‍ റഷ്യന്‍ എണ്ണയുമായി റഷ്യയിലെ ഉരല്‍സില്‍നിന്ന് പുറപ്പെടാന്‍ തയാറെടുത്തെന്നും വിവരമുണ്ട്. ഇന്ത്യ നേരത്തേ യൂറോപ്യന്‍ യൂണിയന്റെ നിലപാടിനെ അപലപിച്ചിരുന്നു. അമേരിക്കയുടെ പുതിയ നീക്കം ഇന്ത്യയിലെ എണ്ണവിലയെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

യുക്രൈന്‍ നിരന്തരം പിന്തുണ അഭ്യര്‍ഥിച്ചിട്ടും ഇന്ത്യ തന്ത്രപരമായി നിലപാടു സ്വീകരിച്ച് യുദ്ധം മറയാക്കി നിര്‍ബാധം റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യന്‍ എണ്ണയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയും ബ്രസീലും ചൈനയുമാണ് റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍. ഈ പണം ഉപയോഗിച്ചാണ് യുക്രൈനെ ആക്രമിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം.

Back to top button
error: