
പ്രിയപ്പെട്ടവരെ ഉലച്ച് നടൻ കലാഭവൻ നവാസിന്‍റെ അപ്രതീക്ഷിത വിയോഗം. സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ നവാസിന് രണ്ട് ദിവസത്തെ ഇടവേളയായിരുന്നു. ഈ ഗ്യാപ്പിൽ വീട്ടിൽ പോയി വരാമെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയതാണ് നവാസ്. റൂം ചെക്കൗട്ടാണെന്ന് ഹോട്ടൽ ജീവനക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുറിയിലേക്ക് പോയി മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും മടങ്ങിവരാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ നവാസിനെ തിരക്കി. മുറി തുറന്നപ്പോൾ വാതിലിനോട് ചേർന്ന് നവാസ് താഴെ വീണ് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് ഉറപ്പിച്ച ജീവനക്കാർ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നവാസിനെ ആശുപത്രിയിലാണെന്ന് വിവരം ലഭിച്ചതോടെ സെറ്റിൽ നിന്ന് മറ്റ് നടന്മാരടക്കം ഓടിയെത്തി. പലർക്കും വിയോഗം ഉൾകൊള്ളാനായില്ല. നവാസിന്‍റെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയതോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം ഹൃദയാഘാതമെന്നാണ് സൂചന. പോസ്റ്റുമോര്‍ട്ടത്തിലൂടെ ഇത് സ്ഥിരീകരിക്കാനാകും. അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്താനായിട്ടിലെന്ന് ചോറ്റാനിക്കര പൊലീസ് വ്യക്തമാക്കി. വിയോഗവാർത്തയറിഞ്ഞ് സിനിമ മേഖലയിലെയടക്കം നിരവധി പേരാണ് ആശുപത്രിയിലെത്തിയത്.
അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നു ആശുപത്രിയിലെത്തിയ അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, കൈലാഷ്, സരയു മോഹൻ, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവർ ആശുപത്രിയിൽ എത്തി.കെ.എസ്. പ്രസാദ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്.






