കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സമൂഹത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ വിയര്‍ത്ത് ബിജെപി; സഭയെ അനുനയിപ്പിക്കാന്‍ നീക്കം; തദ്ദേശതിരഞ്ഞെടുപ്പ് ബിജെപിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരേ ക്രൈസ്തവസമൂഹത്തിലുയര്‍ന്ന പ്രതിഷേധത്തില്‍ വിയര്‍ത്ത് ബിജെപി. പാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും വ്യത്യസ്തനിലപാട് എടുത്തതാണ് കേരള ബിജെപിയെ അസ്വസ്ഥമാക്കുന്നത്. അമിത് ഷായുടെ ഇടപെടലില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യംകിട്ടിയാല്‍ ഏറ്റവും ആശ്വാസം കേരളത്തിലെ ബിജെപി നേതൃത്വത്തിനായിരിക്കും. എങ്കില്‍പ്പോലും തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവബന്ധം ഊട്ടിയുറപ്പിക്കാന്‍ ബിജെപിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും.
കന്യാസ്ത്രീകള്‍ക്കുമേല്‍ ചുമത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്ന നിലപാടായിരുന്നു ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടേത്. എന്നാല്‍, ഛത്തീസ്ഗഢിലും മറ്റും നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഗൗരവമുള്ള വിഷയങ്ങളായതിനാലാണ് അവ നിരോധിക്കുന്ന കര്‍ശനനിയമമുള്ളതെന്നാണ് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞത്. ചില ഓര്‍മ്മപ്പെടുത്തലുണ്ടെന്നു പറഞ്ഞ് മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രനും വ്യത്യസ്ത നിലപാടെടുത്തു. ഹിന്ദുക്കളെ മതംമാറ്റുന്ന പ്രവര്‍ത്തനം ആരുനടത്തിയാലും എതിര്‍ക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുന്‍പ് കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുള്ള അനീതിയാണെന്നും ഹിന്ദു ഐക്യവേദി തുറന്നടിച്ചു.
കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍ സുരേഷ് ഗോപി ഒരക്ഷരംമിണ്ടാതെ മാറിനിന്നപ്പോള്‍, ജോര്‍ജ് കുര്യന്‍ ഛത്തീസ്ഗഢ് സര്‍ക്കാരല്ല കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതെന്നും യാത്രയ്ക്കിടെ ടിടിഇ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് ഇടപെട്ടതാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് ജാമ്യാപേക്ഷ നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






